റിയാദ്: ഒക്ടോബർ മാസത്തിൽ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചു. കാലാവസ്ഥാ സൂചകങ്ങൾ പ്രകാരം മഴയ്ക്കുള്ള ഈ സാധ്യത നവംബർ മാസത്തിലേക്കും നീളുമെന്നാണ് വിലയിരുത്തൽ.
റിയാദ്, മക്ക, മദീന, അസീർ, അൽ ബാഹ, ജാസാൻ, നജ്റാൻ, അൽ ഖസീം, ഹായിൽ, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ജൗഫ്, തബൂക്ക്, നോർത്തേൺ ബോർഡേഴ്സ് തുടങ്ങിയ പ്രവിശ്യകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. എന്നാൽ മഴയുടെ അളവിലും വ്യാപ്തിയിലും പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ദിവസങ്ങൾ അടുക്കുന്നതിനനുസരിച്ച് ഓരോ പ്രദേശത്തെയും കൃത്യമായ മഴയുടെ സമയക്രമവും ചിത്രവും കൂടുതൽ വ്യക്തമാകുമെന്നും, പുതിയ ഡാറ്റ ലഭിക്കുന്ന മുറയ്ക്ക് വിശദമായ റിപ്പോർട്ടുകൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ തത്സമയം അറിയാൻ എൻ.സി.എമ്മിന്റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
