റിയാദ്: സൗദി അറേബ്യയിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് വാക്സിനേഷൻ ആരംഭിച്ചത്.
പ്രമേഹവും മറ്റ് ദീർഘകാല രോഗങ്ങളുമുള്ളവർ, 50 വയസ്സിന് മുകളിലുള്ളവർ, ആറുമാസം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, കടുത്ത അമിതവണ്ണമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവരാണ് ഫ്ലൂ ബാധിച്ചാൽ സങ്കീർണതകൾക്ക് കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 95.5 ശതമാനം പേരും വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇൻഫ്ലുവൻസ ബാധിക്കാനുള്ള സാധ്യതയും രോഗസങ്കീർണതകളും കുറയ്ക്കാൻ വാക്സിൻ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രായമായവരിൽ ഫ്ലൂ മൂലമുള്ള മരണസാധ്യത രണ്ട് മൂന്നിലൊന്നിലധികം കുറയ്ക്കാൻ വാക്സിനേഷൻ സഹായിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
ഇൻഫ്ലുവൻസ വൈറസിന്റെ വകഭേദങ്ങളിൽ തുടർച്ചയായി മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ എല്ലാ വർഷവും വാക്സിൻ സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് സങ്കീർണതകൾക്ക് സാധ്യതയുള്ളവർ വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
വാക്സിൻ സ്വീകരിക്കുന്നതിനായി ‘സെഹത്തി’ (Sehhaty) ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
