റിയാദ്: സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 2021 മുതൽ 2025 വരെയുള്ള കാലയളവിൽ ഏകദേശം 82.2 ബില്യൺ ഡോളറിലെത്തി. ഈ കാലയളവിൽ വ്യാപാരം 5.66 ശതമാനം സംയുക്ത വാർഷിക വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
2025ൽ മാത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 18.1 ബില്യൺ ഡോളറായിരുന്നു. 2024നെ അപേക്ഷിച്ച് ഇത് 11 ശതമാനം വർധനയാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആഗോളതലത്തിൽ ഈജിപ്തിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങളുടെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.
പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഓർഗാനിക് കെമിക്കലുകളുമാണ് സൗദിയിൽ നിന്ന് ഈജിപ്തിലേക്കുള്ള പ്രധാന കയറ്റുമതികൾ. മിനറൽ ഇന്ധനങ്ങൾ, എണ്ണ, മെഴുക്, ചെമ്പും ചെമ്പ് ഉൽപ്പന്നങ്ങളുമാണ് ഈജിപ്തിൽ നിന്ന് സൗദിയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
ഈജിപ്തിലെ സൗദി കൊമേഴ്സ്യൽ അറ്റാഷെ സൗദി ഉൽപ്പന്നങ്ങൾക്ക് ഈജിപ്ഷ്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും ഈജിപ്ഷ്യൻ നിക്ഷേപങ്ങൾ സൗദിയിലേക്ക് ആകർഷിക്കുന്നതിനും പ്രവർത്തിക്കുന്നു.
അന്താരാഷ്ട്ര വ്യാപാര–നിക്ഷേപ ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട വിപണികളിൽ സൗദിയുടെ വ്യാപാര താൽപര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ജനറൽ അതോറിറ്റി ഓഫ് ഫോറിൻ ട്രേഡ് (GAFT) പ്രവർത്തിക്കുന്നത്. വ്യാപാര കരാറുകളും മറ്റ് ആനുകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ സ്വകാര്യ മേഖലയ്ക്ക് സാങ്കേതിക പിന്തുണയും അതോറിറ്റി നൽകുന്നു.
അന്താരാഷ്ട്ര വ്യാപാരത്തിൽ സൗദിയുടെ നേട്ടങ്ങൾ വർധിപ്പിക്കുകയും വിദേശ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് കൂടുതൽ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും അതോറിറ്റി വ്യക്തമാക്കി.
