കൈറോ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് തുടരുന്ന ആക്രമണങ്ങളിൽ ആളുകൾക്ക് പരിക്കേൽക്കുകയും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മി ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദിയുടെ പരമാധികാരം, സുരക്ഷ, ഭൗമിക അഖണ്ഡത എന്നിവയ്ക്കെതിരായ അംഗീകരിക്കാനാകാത്ത ലംഘനമാണ് ആക്രമണങ്ങളെന്ന് ഫഹ്മി വ്യക്തമാക്കി. സാധാരണക്കാരുടെ ജീവനും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഫഹ്മി, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ അറിയിച്ചു.
സൗദിയുടെ സുരക്ഷ അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അറബ് രാജ്യങ്ങളെ തുടർച്ചയായി ലക്ഷ്യമിടുന്നത് സംഘർഷം വർധിപ്പിക്കുകയും പ്രാദേശിക സുരക്ഷയും സ്ഥിരതയും കൂടുതൽ ഭീഷണിയിലാക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് രാജ്യങ്ങളുടെ പരമാധികാരവും ഭൗമിക അഖണ്ഡതയും മാനിക്കണമെന്നും അന്താരാഷ്ട്ര നിയമവും യുഎൻ ചാർട്ടറും പാലിക്കണമെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുന്നതും മേഖല കൂടുതൽ സംഘർഷത്തിലേക്കും അസ്ഥിരതയിലേക്കും നീങ്ങുന്നതും തടയാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
