ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി 2026ന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചകളിൽ ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി.
വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹുങ്വുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൗദി–വിയറ്റ്നാം ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. സാമ്പത്തികം, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളിലെയും ബിസിനസ് മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനിയുമായും പ്രിൻസ് ഫൈസൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ ഏകോപനവും വിവിധ വിഷയങ്ങളിലെ നിലപാടുകളുടെ ഏകീകരണവും വിലയിരുത്തി.
സൗദിയിലെ വിവിധ മേഖലകളെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യ നടത്തിയ ആക്രമണങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി. ആക്രമണങ്ങളെ ബഹ്റൈൻ ശക്തമായി അപലപിച്ചതായി ബഹ്റൈൻ വിദേശകാര്യ മന്ത്രി അറിയിച്ചു. സൗദി അറേബ്യയ്ക്കും സുരക്ഷ സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
പ്രാദേശിക സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
അതേസമയം, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി ഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘർഷം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ച ചെയ്തു.
ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനകൾ വർധിപ്പിക്കുന്നതിനും ഏകീകൃത നിലപാടുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും വ്യക്തമാക്കി. രാജ്യങ്ങളുടെ സുരക്ഷയും ദേശീയ ആസ്തികളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാനും ധാരണയായി.
