റിയാദ്: സൗദി അറേബ്യയിലെ റിയാദ് യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ ആദ്യ ബാച്ച് വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഞായറാഴ്ച ആരംഭിച്ചു. മാർച്ചിൽ രണ്ട് വിശുദ്ധ പള്ളികളുടെ പരിപാലകനായ സൽമാൻ രാജാവ് സർവകലാശാല സ്ഥാപിക്കുന്നതിന് അനുമതി നൽകിയതിന് പിന്നാലെ മേയിലാണ് പ്രവേശന നടപടികൾ ആരംഭിച്ചത്.
സൗദിയുടെ സാംസ്കാരിക, കലാ മേഖലയുടെ വളർച്ചയിലെ ചരിത്രപരമായ നാഴികക്കല്ലായാണ് സർവകലാശാലയുടെ പ്രവർത്തനാരംഭത്തെ വിലയിരുത്തുന്നത്. മാനവവിഭവശേഷിയിലും ക്രിയേറ്റീവ് ഇക്കോണമിയിലും നിക്ഷേപം നടത്തുകയും രാജ്യത്തിന്റെ സാംസ്കാരിക സാന്നിധ്യം പ്രാദേശികതലത്തിലും ആഗോളതലത്തിലും ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള സൗദി സർക്കാരിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണിത്.
സാംസ്കാരിക മന്ത്രി കൂടിയായ സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ പ്രിൻസ് ബദർ ബിൻ അബ്ദുല്ല പറഞ്ഞു, ആദ്യ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവിധ സാംസ്കാരിക പ്രോഗ്രാമുകളിലേക്കും അക്കാദമിക് ഡിഗ്രികളിലേക്കുമായി ആയിരക്കണക്കിന് അപേക്ഷകൾ ലഭിച്ചതായി.
സൗദിയിലെ സാംസ്കാരിക മേഖലയിൽ തൊഴിൽ ആവശ്യകത പ്രതിവർഷം 7 ശതമാനത്തിലധികം വളരുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും 2030ഓടെ രാജ്യത്തെ സാംസ്കാരിക മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഏകദേശം 3.46 ലക്ഷം ആയി ഉയരുമെന്നും പ്രിൻസ് ബദർ പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ കല, സാങ്കേതികവിദ്യ, ഡിസൈൻ മേഖലകളിലെ തൊഴിൽ ആവശ്യകത പ്രതിവർഷം 40 ശതമാനം വീതം ഉയരുന്നതായും 2019 മുതൽ 2022 വരെ സാംസ്കാരിക ടൂറിസം 109 ശതമാനത്തിലധികം വളർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിലെ മുൻനിര പ്രത്യേക സാംസ്കാരിക സർവകലാശാലയായി മാറുകയും സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ ലോകത്തിലെ മികച്ച 50 സർവകലാശാലകളിൽ ഇടം നേടുകയുമാണ് റിയാദ് യൂണിവേഴ്സിറ്റി ഓഫ് ആർട്സിന്റെ ലക്ഷ്യം.
അക്കാദമിക് വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം, സാംസ്കാരിക-വിജ്ഞാന കൈമാറ്റം എന്നിവയുടെ ആഗോള കേന്ദ്രമായി സർവകലാശാലയെ വികസിപ്പിക്കാനും റിയാദിനെ ലോകവുമായി കൂടുതൽ ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
2018ൽ സാംസ്കാരിക മന്ത്രാലയം സ്ഥാപിതമായതിന് ശേഷം വിവിധ സാംസ്കാരിക മേഖലകളിലെ വിദ്യാഭ്യാസ, പരിശീലന പദ്ധതികളിലൂടെ 63,000ത്തിലധികം പേർക്ക് പ്രയോജനം ലഭിച്ചതായും പ്രിൻസ് ബദർ വ്യക്തമാക്കി.
സാംസ്കാരിക മാനേജ്മെന്റ്, സിനിമ, സംഗീതം, മ്യൂസിയം മാനേജ്മെന്റ്, തിയറ്റർ, പെർഫോമിങ് ആർട്സ്, ഡിസൈൻ, ആർക്കിടെക്ചർ, ഫാഷൻ, വിഷ്വൽ ആർട്സ്, ഫോട്ടോഗ്രഫി, പൈതൃകം, കൾച്ചറൽ സ്റ്റഡീസ്, പാചകകല, സാംസ്കാരിക വിദ്യാഭ്യാസം തുടങ്ങിയ നിരവധി മേഖലകളിലാണ് സർവകലാശാല അക്കാദമിക് പ്രോഗ്രാമുകൾ ഒരുക്കുന്നത്.
നിലവിൽ നാല് കോളേജുകളിലായി എട്ട് അക്കാദമിക് പ്രോഗ്രാമുകളിലാണ് പഠനം ആരംഭിച്ചിരിക്കുന്നത്. കോളേജ് ഓഫ് മ്യൂസിക്, കോളേജ് ഓഫ് ഫിലിം, കോളേജ് ഓഫ് തിയേറ്റർ ആൻഡ് പെർഫോമിങ് ആർട്സ്, കോളേജ് ഓഫ് കൾച്ചറൽ മാനേജ്മെന്റ് എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്.
ക്രമേണ സർവകലാശാലയെ 13 കോളേജുകളായി വികസിപ്പിച്ച് വിവിധ സാംസ്കാരിക മേഖലകളിലായി കൂടുതൽ വിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കും.
അന്താരാഷ്ട്ര തലത്തിലെ പ്രമുഖ സ്ഥാപനങ്ങളുമായി സർവകലാശാല ഇതിനകം പങ്കാളിത്തങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കലാകാരന്മാർ, ഗവേഷകർ, സാംസ്കാരിക നേതാക്കൾ എന്നിവർക്ക് ക്രിയേറ്റീവ് ഇക്കോണമിയുടെയും സൗദിയുടെ സാംസ്കാരിക ഭാവിയുടെയും വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ അവസരമൊരുക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം.
സാംസ്കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനമായിരിക്കും റിയാദ് യൂണിവേഴ്സിറ്റി ഓഫ് ആർട്സ്.
