ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന BRICS ഉച്ചകോടി 2026ന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാനിയുമായി കൂടിക്കാഴ്ച നടത്തി.
സൗദി–ബഹ്റൈൻ ബന്ധവും വിവിധ വിഷയങ്ങളിലെ ഇരു രാജ്യങ്ങളുടെയും തുടർച്ചയായ ഏകോപനവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പ്രാദേശിക സാഹചര്യങ്ങളും ചർച്ചയായി.
സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യ നടത്തിയ ആക്രമണങ്ങളെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സൗദിയോടും ആക്രമണങ്ങൾക്ക് മറുപടിയായി രാജ്യം സ്വീകരിക്കുന്ന നടപടികളോടും ബഹ്റൈന്റെ പൂർണ പിന്തുണയുണ്ടെന്ന് അൽസയാനി വ്യക്തമാക്കി.
പ്രാദേശിക സംഘർഷം കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും സമാധാനവും ശക്തിപ്പെടുത്തുന്നതിനുമുള്ള സംയുക്ത ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
അതേസമയം, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗുമായും പ്രിൻസ് ഫൈസൽ കൂടിക്കാഴ്ച നടത്തി. സൗദി–വിയറ്റ്നാം ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. സാമ്പത്തിക, വ്യാപാര, ടൂറിസം മേഖലകളിലെ സഹകരണ സാധ്യതകളും ഇരു രാജ്യങ്ങളിലെയും ബിസിനസ് മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും ചർച്ചയായി.
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി പ്രിൻസ് ഫൈസൽ ഫോൺ സംഭാഷണവും നടത്തി. മേഖലയിൽ അതിവേഗം മാറുന്ന സാഹചര്യത്തിൽ സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങളും പ്രാദേശിക സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും നിലപാടുകൾ ഏകീകരിക്കുകയും പരസ്പര കൂടിയാലോചനകൾ ശക്തമാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ഊന്നിപ്പറഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പ്രവർത്തനത്തിന് പിന്തുണ നൽകുന്നതിനും രാജ്യങ്ങളുടെ സുരക്ഷയും ദേശീയ ആസ്തികളും സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
