റിയാദ്: റിയാദിൽ കുടുംബങ്ങളുടെ വരുമാനത്തിൽ വാടകയ്ക്കായി ചെലവഴിക്കുന്ന വിഹിതം 15 ശതമാനമായി കുറഞ്ഞു. 2025 സെപ്റ്റംബറിൽ ഇത് 17.5 ശതമാനത്തിലേറെയായിരുന്നു. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (REGA) സിഇഒ അബ്ദുല്ല അൽഹമദ് ആണ് ഇക്കാര്യം അറിയിച്ചത്.
കിംഗ് സൗദ് സർവകലാശാലയിൽ നടന്ന ലീഗൽ ആസ്പെക്ട്സ് ഓഫ് ഗവേണൻസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ നടപ്പാക്കിയ നടപടികളുടെ ശ്രദ്ധേയമായ ഫലങ്ങളിലൊന്നാണ് വാടകച്ചെലവിലെ കുറവെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾ നേരത്തെ അവരുടെ വരുമാനത്തിന്റെ 30 ശതമാനത്തിലേറെയാണ് വാടകയ്ക്കായി ചെലവഴിച്ചിരുന്നതെന്നും അൽഹമദ് വ്യക്തമാക്കി.
റിയാദിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഫലങ്ങളും വെല്ലുവിളികളും സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാടക വിപണിയിലെ സമ്മർദം കുറയ്ക്കുന്നതിനായി റിയാദിൽ വിവിധ നടപടികളാണ് നടപ്പാക്കിയത്. തലസ്ഥാന നഗരപരിധിക്കുള്ളിലെ നിലവിലുള്ളതും പുതിയതുമായ വാസ, വാണിജ്യ വാടക കരാറുകളിൽ വാർഷിക വാടക വർധന അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു.
മുമ്പ് വാടകയ്ക്ക് നൽകിയിരുന്ന ഒഴിഞ്ഞ വാസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ഏറ്റവും പുതിയ ഈജാർ (Ejar) കരാറിൽ രേഖപ്പെടുത്തിയ തുകയായി നിശ്ചയിക്കും. മുമ്പ് ഒരിക്കലും വാടകയ്ക്ക് നൽകിയിട്ടില്ലാത്ത കെട്ടിടങ്ങളുടെ വാടക ഉടമയും വാടകക്കാരനും തമ്മിലുള്ള ധാരണപ്രകാരമായിരിക്കും നിശ്ചയിക്കുക.
വാടക കരാർ പുതുക്കേണ്ടതില്ലെന്നും സ്വന്തം ആവശ്യത്തിനോ ഒന്നാം ഡിഗ്രി ബന്ധുവിന്റെ ആവശ്യത്തിനോ കെട്ടിടം ഉപയോഗിക്കുമെന്നും ഉടമ തീരുമാനിക്കുന്ന സാഹചര്യത്തിലും പുതിയ വ്യവസ്ഥകൾ ബാധകമാണ്.
ഇത്തരം സാഹചര്യങ്ങളിൽ കരാർ അവസാനിക്കുന്നതിന് കുറഞ്ഞത് 365 ദിവസം മുമ്പ് വാടകക്കാരന് അറിയിപ്പ് നൽകണം. 365 ദിവസത്തിൽ കുറവ് സമയത്തിന് മുമ്പാണ് അറിയിപ്പ് നൽകിയതെങ്കിൽ, അറിയിപ്പ് നൽകിയ തീയതി മുതൽ ഒരു വർഷം പൂർത്തിയാകുന്നതുവരെ കരാർ നീട്ടേണ്ടിവരും.
