റിയാദ്: സൗദി അറേബ്യയിലെ ടാക്സികൾക്ക് യാത്രക്കാരെ സൗദിയിൽ നിന്ന് ബഹ്റൈനിലേക്കും തിരിച്ചും കൊണ്ടുപോകാൻ അനുമതി നൽകി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. സെപ്റ്റംബർ 6 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
ടാക്സി മേഖലയിലെ നിക്ഷേപകർക്കായി പുറത്തിറക്കിയ സർക്കുലറിലാണ് അതോറിറ്റി പുതിയ വ്യവസ്ഥകൾ വ്യക്തമാക്കിയത്. സേവനം നൽകുന്ന സൗദി ഗതാഗത കമ്പനികൾ ടാക്സി, യാത്രക്കാരുടെ ഗതാഗത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങളും പ്രസക്തമായ അന്താരാഷ്ട്ര കരാറുകളും പാലിക്കണം.
സേവനം നൽകുന്നതിന് സാധുവായ ഓപ്പറേറ്റിങ് ലൈസൻസ് നിർബന്ധമാണ്. ലൈസൻസുള്ള ടാക്സി, യാത്രക്കാരുടെ ഗതാഗത ബ്രോക്കർമാർ മുഖേന മാത്രമേ സേവനം നൽകാവൂ.
യാത്രക്കാരുടെ പട്ടിക അതോറിറ്റി അംഗീകരിച്ച മാതൃകയിൽ സമർപ്പിക്കണം. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും ആവശ്യമായ യാത്രാ രേഖകൾ സാധുവാണെന്ന് ഉറപ്പാക്കുകയും വേണം.
ബന്ധപ്പെട്ട അധികൃതരുടെ സംവിധാനങ്ങളുമായി, ഷുമൂസ് (Shomoos) സുരക്ഷാ സംവിധാനമുൾപ്പെടെ, ഏകോപനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. അംഗീകരിച്ച നിരക്ക് മാത്രമേ ഈടാക്കാവൂ.
അതേസമയം, മടക്കയാത്രയിൽ യാത്രക്കാരെ കയറ്റുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല. ബഹ്റൈനിനുള്ളിൽ ആഭ്യന്തരമായി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സൗദി ടാക്സികൾക്ക് വിലക്കുണ്ട്.
