റിയാദ്: സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിങ് A+ ആയി നിലനിർത്തി അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ധനകാര്യ ശേഷിയും വിലയിരുത്തിയ ശേഷമാണ് സ്ഥിരതയുള്ള (Stable) ഔട്ട്ലുക്കോടെ റേറ്റിങ് നിലനിർത്തിയത്.
മധ്യപൂർവ സംഘർഷം തുടരുന്ന സാഹചര്യത്തിലും സമ്മർദങ്ങളെ നേരിടാൻ സൗദിക്ക് കഴിയുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. വൈവിധ്യമാർന്ന ഊർജ കയറ്റുമതി അടിസ്ഥാനസൗകര്യങ്ങളും പ്രധാന ശക്തിയായി ചൂണ്ടിക്കാട്ടി. ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ വഴി ക്രൂഡ് ഓയിൽ കയറ്റുമതി ചെങ്കടലിലേക്ക് തിരിച്ചുവിടാനുള്ള സൗദിയുടെ ശേഷിയും രാജ്യത്തിനകത്തും വിദേശത്തുമുള്ള വലിയ എണ്ണ സംഭരണ, ശുദ്ധീകരണ ശേഷിയും ഇതിന് സഹായകരമാണെന്ന് എസ് ആൻഡ് പി വ്യക്തമാക്കി.
എണ്ണ ഇതര മേഖലയുടെ തുടർച്ചയായ വളർച്ചയും അതിലൂടെ ലഭിക്കുന്ന വരുമാനവും സാമ്പത്തിക സ്ഥിരതയ്ക്ക് പിന്തുണ നൽകുന്നുണ്ട്. വിഷൻ 2030 പദ്ധതികളുമായി ബന്ധപ്പെട്ട നിക്ഷേപ ചെലവുകൾ ആവശ്യാനുസരണം ക്രമീകരിക്കാനുള്ള സർക്കാരിന്റെ ശേഷിയും അനുകൂല ഘടകമാണെന്ന് ഏജൻസി വിലയിരുത്തി.
2026ൽ സൗദിയുടെ യഥാർഥ ജിഡിപി 0.9 ശതമാനം ചുരുങ്ങുമെന്നാണ് എസ് ആൻഡ് പിയുടെ പ്രവചനം. എന്നാൽ 2027ൽ എണ്ണ ഉൽപ്പാദനം വർധിക്കുന്നതിന്റെ പിന്തുണയോടെ 8.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. 2028–2029 കാലയളവിൽ ശരാശരി 3.3 ശതമാനം വളർച്ചയും പ്രവചിച്ചിട്ടുണ്ട്.
നിലവിൽ സർക്കാർ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എണ്ണ ഇതര മേഖല ജിഡിപിയുടെ ഏകദേശം 70 ശതമാനം സംഭാവന ചെയ്യുന്നു. 2018ൽ ഇത് 65 ശതമാനമായിരുന്നു. സമ്പദ്വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിൽ സൗദി കൈവരിച്ച ഘടനാപരമായ പുരോഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എസ് ആൻഡ് പി ചൂണ്ടിക്കാട്ടി.
സൗദി സർക്കാരിന്റെ ഗണ്യമായ നെറ്റ് ജനറൽ ഗവൺമെന്റ് ആസ്തി രാജ്യത്തിന്റെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നാണെന്നും ഏജൻസി വ്യക്തമാക്കി. വിദേശനാണ്യ ശേഖരം 2020ന്റെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതും ശ്രദ്ധേയമായി.
വിഷൻ 2030 പദ്ധതികളുടെ നടപ്പാക്കലിൽ വരുത്തുന്ന പുനഃക്രമീകരണം ധനകാര്യ പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്ന് എസ് ആൻഡ് പി വിലയിരുത്തി. പൊതുധനകാര്യങ്ങളെ ബാധിക്കാതെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗദി സർക്കാർ ജാഗ്രതയോടെയും ആവശ്യാനുസരണം വഴക്കമുള്ള സമീപനത്തോടെയും മുന്നോട്ടുപോകുമെന്നാണ് ഏജൻസിയുടെ പ്രതീക്ഷ.
എണ്ണ ഇതര സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിൽ സൗദിയുടെ ഘടനാപരമായ പരിഷ്കാരങ്ങൾ തുടർന്നും നിർണായകമാകുമെന്നും എസ് ആൻഡ് പി വ്യക്തമാക്കി.
