റിയാദ്: ചരക്കുകൾക്കും കപ്പലുകൾക്കും യുദ്ധവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി ദേശീയ ഇൻഷുറൻസ് പൂൾ സ്ഥാപിക്കാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി. സമുദ്ര ഇൻഷുറൻസ് മേഖലയിലെ ശേഷി വർധിപ്പിക്കുകയും വ്യാപാര-വിതരണ ശൃംഖലകളുടെ തുടർച്ച ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തത്തിലൂടെ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കൈകാര്യം ചെയ്യാൻ ഇൻഷുറൻസ് വിപണിക്ക് പ്രത്യേക ദേശീയ സംവിധാനം ഒരുക്കുകയാണ് പദ്ധതിയെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.
ഇൻഷുറൻസ് അതോറിറ്റി അംഗീകരിച്ച ചട്ടങ്ങളും വ്യവസ്ഥകളും അടിസ്ഥാനമാക്കി ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള വിപണിയുടെ സാങ്കേതിക സജ്ജീകരണവും ശേഷിയും വർധിപ്പിക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആഗോള ലോജിസ്റ്റിക്സ് ഹബ്ബെന്ന നിലയിൽ സൗദി അറേബ്യയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും ഇൻഷുറൻസ് പൂൾ സഹായിക്കുമെന്ന് അൽജദ്ആൻ പറഞ്ഞു.
ഇൻഷുറൻസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ സൗദി റീഇൻഷുറൻസ് കമ്പനി പദ്ധതിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. വിവിധ ഇൻഷുറൻസ് കമ്പനികളും പദ്ധതിയിൽ പങ്കാളികളാകും.
അംഗീകൃത നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, പങ്കാളികളായ ഇൻഷുറൻസ് കമ്പനികൾ വഴി പോളിസി ഉടമകൾക്ക് പുതിയ ഇൻഷുറൻസ് പൂളിന്റെ ആനുകൂല്യം ലഭ്യമാകും.
