കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് സ്കൂളുകളിലെ വൻതോതിലുള്ള അദ്ധ്യാപക സാന്നിധ്യം പരിഹരിക്കുന്നതിനായുള്ള ക്രമാനുഗതമായ പദ്ധതിയുടെ ഭാഗമായി 7,019 അദ്ധ്യാപകരെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗവും അറബ് വംശജരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പിരിച്ചുവിടലാണിത്. സർക്കാർ വിദ്യാലയങ്ങളിലെ ആകെ 91,761 അദ്ധ്യാപകരിൽ 33,268 പേർ ആവശ്യത്തിലധികമാണെന്ന് (Surplus) മന്ത്രാലയം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഘട്ടങ്ങളായുള്ള പിരിച്ചുവിടൽ നടപടികൾക്ക് മന്ത്രാലയം തുടക്കം കുറിച്ചത്.
മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആകെ അദ്ധ്യാപകരിൽ 70.6 ശതമാനം പേർ കുവൈറ്റികളും 10.1 ശതമാനം പേർ ജി.സി.സി പൗരന്മാരും ബിദൂനുകളുമാണ്. ശേഷിക്കുന്ന 19.3 ശതമാനം പേർ മറ്റ് അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈ അവസാന വിഭാഗത്തിൽ നിന്നുള്ളവരെയാണ് നിലവിൽ സർവ്വീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ നടപടിയിലൂടെ നടപ്പു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 42 ദശലക്ഷം കുവൈറ്റി ദിനാർ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി, കെ.ജി തലങ്ങളിൽ അറബിക്, ഇംഗ്ലീഷ്, ഇസ്ലാമിക് എഡ്യൂക്കേഷൻ, മാത്തമാറ്റിക്സ്, ആർട്ട്, മ്യൂസിക് തുടങ്ങി വിവിധ വിഷയങ്ങളിൽ ആവശ്യത്തിലധികം അദ്ധ്യാപകരുണ്ടെന്ന് മന്ത്രാലയം വിലയിരുത്തി.
പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ‘സാഹെൽ’ (Sahel) ആപ്ലിക്കേഷൻ വഴി അദ്ധ്യാപകർക്ക് ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ തൊഴിൽപരമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ടാണ് നടപടികൾ പൂർത്തിയാക്കുന്നത്. സ്വദേശി പ്രതിഭകളെ ശാക്തീകരിക്കുക, മാനവ-സാമ്പത്തിക വിഭവങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ കൊണ്ടുപോകുന്നത്. ഈ പരിഷ്കാരങ്ങൾ വിദ്യാലയങ്ങളുടെ സ്ഥിരതയെയോ വിദ്യാഭ്യാസ നിലവാരത്തെയോ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
