റിയാദ്: തൊഴിൽ ഒഴിവുകളിലേക്ക് ഇന്റർവ്യൂവിൽ (Job Interview) പങ്കെടുത്ത ഉദ്യോഗാത്ഥികളെ ഫലം അറിയിക്കാതിരിക്കുന്നത് സൗദി തൊഴിൽ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നിയമം പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ വഴി പരാതി നൽകാൻ അധികൃതർ ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടു.
മന്ത്രാലയത്തിന്റെ നിലവിലുള്ള ലേബർ നയങ്ങൾ അനുസരിച്ച്, ഇന്റർവ്യൂ നടത്തി 30 ദിവസത്തിനകം അതിന്റെ ഫലം (തിരഞ്ഞെടുക്കപ്പെട്ടതാണോ നിരസിക്കപ്പെട്ടതാണോ എന്നത്) അപേക്ഷകരെ അറിയിക്കാൻ തൊഴിലുടമയ്ക്ക് നിയമപരമായ ബാധ്യതയുണ്ട്. തൊഴിൽ ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിലും ഇന്റർവ്യൂ പ്രക്രിയകൾ നടപ്പിലാക്കുന്നതിലും സുതാര്യത ഉറപ്പാക്കാനും തൊഴിലന്വേഷകരുടെ സേവന നിലവാരം ഉയർത്താനുമാണ് മന്ത്രാലയം ഈ നിയമങ്ങൾ കർശനമാക്കുന്നത്. ഇത്തരം വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഔദ്യോഗികമായി പരാതി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
