റിയാദ്: സ്വന്തം കീഴിലുള്ള തൊഴിലാളികളെ മറ്റുള്ളവർക്കായി ജോലി ചെയ്യാൻ അനുവദിക്കുന്ന വ്യക്തിഗത തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലാളികളെ സ്വന്തം വ്യക്തിഗത നേട്ടത്തിനായി നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കും.
നിയമലംഘകർക്ക് പരമാവധി 1 ലക്ഷം സൗദി റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. കൂടാതെ, അഞ്ച് വർഷം വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്തും.
തൊഴിലുടമകളും തൊഴിലാളികളും താമസനിയമം, തൊഴിൽനിയമം, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 911 എന്ന നമ്പറിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിലും 999 എന്ന നമ്പറിൽ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും വിവരം അറിയിക്കാം.
