ദുബായ്/മനാമ: സൗദി അറേബ്യയ്ക്കും ബഹ്റൈനുമിടയിലുള്ള കിംഗ് ഫഹദ് കോസ്വേ (King Fahd Causeway) വഴി ലൈസൻസുള്ള ടാക്സികൾക്ക് നേരിട്ട് യാത്രക്കാരെ എത്തിക്കാനുള്ള പുതിയ നിയമങ്ങൾ സെപ്റ്റംബർ 6 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളിലെയും സുരക്ഷാ-ഗതാഗത മന്ത്രാലയങ്ങൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ നീക്കം, സൗദി-ബഹ്റൈൻ നിവാസികൾക്കും സന്ദർശകർക്കും അതിർത്തി കടന്നുള്ള യാത്രകൾ കൂടുതൽ എളുപ്പവും സുഗമവുമാക്കും.
സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന, നിർമ്മാണം കഴിഞ്ഞ് അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഔദ്യോഗിക ലൈസൻസുള്ള ടാക്സികൾക്ക് മാത്രമാണ് അതിർത്തി കടക്കാൻ അനുമതി നൽകുക. പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും പുതിയ യാത്രാ ഓപ്ഷൻ നൽകുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വിനോദസഞ്ചാര സഹകരണം ശക്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയും ബഹ്റൈൻ ഗതാഗത മന്ത്രാലയവും അറിയിച്ചു. സ്വന്തമായി വാഹനം ഓടിക്കാതെ സൗദിക്കും ബഹ്റൈനുമിടയിൽ നേരിട്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സംവിധാനം വലിയ ആശ്വാസമാകുമെന്ന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ നബീൽ ഖാലിദ് കാനൂ സ്വാഗതം ചെയ്തു.
