കുവൈറ്റ് സിറ്റി: സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും വാഹനങ്ങളിൽ നിന്ന് വൻതോതിൽ ഡീസൽ ചോർത്തി മറിച്ചുവിറ്റ വൻ മോഷണ ശൃംഖലയെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MoI) പിടികൂടി. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനയിലാണ് 41 പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ചതും ഡീസൽ ചോർത്തിയതുമായ 38 വാഹനങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.
വാഹനങ്ങളുടെ ഡ്രൈവർമാർ തങ്ങളുടെ ഉടമസ്ഥരുടെ അറിവില്ലാതെ ഡീസൽ ചോർത്തി അംഘറയിലെ (Amghara) പ്രത്യേക കേന്ദ്രത്തിലെത്തിച്ച് ടാങ്കറുകളിൽ സംഭരിച്ച് മറ്റ് പ്രൊജക്റ്റുകൾക്ക് മറിച്ചുവിൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു കുവൈറ്റി പൗരൻ മാസം 1,600 കുവൈറ്റി ദിനാർ വാടക നിശ്ചയിച്ച് (Tadhmeen system) ടാങ്കറുകൾ നൽകിയിരുന്നതായും വ്യക്തമായിട്ടുണ്ട്. അംഘറയിലെ കേന്ദ്രത്തിൽ നിരീക്ഷണം ശക്തമാക്കിയ പോലീസും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് പ്രതികൾ ഡീസൽ ചോർത്തുന്നതിനിടയിൽ കൈയോടെ പിടികൂടുകയായിരുന്നു.
