ജസാൻ/അസീർ: സൗദി അറേബ്യയിലെ ജസാൻ, അസീർ മേഖലകളിൽ അതിർത്തി സുരക്ഷാ സേന നടത്തിയ നാല് വ്യത്യസ്ത ഓപ്പറേഷനുകളിലായി 18 എത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആകെ 320 കിലോഗ്രാം ഖാത്തും 79,300 നിയന്ത്രിത ഗുളികകളും പിടിച്ചെടുത്തു.
അസീറിലെ അൽ-റബൂഅ സെക്ടറിൽ നടത്തിയ പരിശോധനയിൽ അതിർത്തി സുരക്ഷാ നിയമം ലംഘിച്ച നാല് എത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 80 കിലോഗ്രാം ഖാത്ത് പിടിച്ചെടുത്തു.
ജസാനിലെ അൽ-ദായർ സെക്ടറിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ 240 കിലോഗ്രാം ഖാത്ത് കടത്താൻ ശ്രമിച്ച 12 എത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ഇതേ സെക്ടറിൽ നടത്തിയ പ്രത്യേക പരിശോധനയിൽ, മെഡിക്കൽ നിയന്ത്രണങ്ങൾക്ക് വിധേയമായ 20,800 ഗുളികകൾ കടത്താൻ ശ്രമിച്ച രണ്ട് എത്യോപ്യൻ പൗരന്മാരെയും പിടികൂടി.
അൽ-ദായർ മേഖലയിൽ തന്നെ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ 58,500 നിയന്ത്രിത ഗുളികകൾ കടത്താനുള്ള ശ്രമവും അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തി.
നാല് കേസുകളിലും പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
നിയമലംഘനങ്ങളെയും കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, അതിർത്തി സുരക്ഷാ സേനയ്ക്ക് 994, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിന് 995 എന്നീ നമ്പറുകളിൽ വിവരം നൽകാം.
