റിയാദ്: ആഗോള സാങ്കേതികവിദ്യാ രംഗത്തെ പ്രധാന സമ്മേളനമായ LEAP 26ന്റെ അഞ്ചാം പതിപ്പിന് റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. “Into New Worlds” എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസ്വാഹ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി മേഖലകളിലെ നിരവധി പുതിയ നിക്ഷേപങ്ങളും വൻകിട പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു.
XAI സൗദി അറേബ്യയിൽ ആദ്യമായി അമേരിക്കയ്ക്ക് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അൽസ്വാഹ അറിയിച്ചു. ആദ്യഘട്ടത്തിൽ 50 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയായിരിക്കും ഇത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി ശേഷി 500 മെഗാവാട്ടായി ഉയർത്തും.
ആഗോള എഐ കമ്പ്യൂട്ടിങ് രംഗത്തെ പ്രമുഖ കമ്പനിയായ NVIDIA സൗദിയിൽ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ബുദ്ധി ഫാക്ടറികളിലൊന്ന് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതായും മന്ത്രി പറഞ്ഞു. സൗദി സമ്പദ്വ്യവസ്ഥയുടെ “കിരീടമണികളിലൊന്ന്” എന്ന് വിശേഷിപ്പിച്ച പദ്ധതി എഐയുടെ ആഗോള കേന്ദ്രമായി സൗദിയെ മാറ്റാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ 70 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതും സജീവവുമായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥകളിലൊന്നായി രാജ്യം മാറിയതായും അൽസ്വാഹ പറഞ്ഞു. സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 36 ശതമാനത്തിലെത്തിയതോടെ ജി20 രാജ്യങ്ങളിൽ സൗദി ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ ഗവേഷണ രംഗത്തെ സൗദിയുടെ നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി വനിതയെ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത് രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ പ്രധാന നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് സാങ്കേതിക പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും എഐ സാങ്കേതികവിദ്യകളുടെ ഉപയോഗം വേഗത്തിലാക്കാനും സൗദി തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
1,000ലധികം അന്താരാഷ്ട്ര വിദഗ്ധർ
LEAP 26ന്റെ അഞ്ചാം പതിപ്പിൽ 1,000ലധികം അന്താരാഷ്ട്ര പ്രഭാഷകരും വിദഗ്ധരും, 1,800ലധികം ടെക് കമ്പനികളും, 600ലധികം സ്റ്റാർട്ടപ്പുകളും, 1,900ലധികം നിക്ഷേപകരും വെഞ്ചർ ക്യാപിറ്റൽ ഫണ്ട് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
കൃത്രിമ ബുദ്ധി, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റ, സൈബർ സുരക്ഷ, ഫിൻടെക്, ഹെൽത്ത് ടെക്, സ്മാർട്ട് സിറ്റികൾ, ഊർജം, കാലാവസ്ഥ, ബഹിരാകാശം, ഗെയിമിങ്, സ്പോർട്സ് ടെക്നോളജി, ഡിജിറ്റൽ കൊമേഴ്സ് തുടങ്ങിയ മേഖലകളിലെ പുതിയ സാങ്കേതിക പ്രവണതകളാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
“LEAP Connect”, “Sports Tech Hub”, “World Tech Zone”, “LEAP Studios” തുടങ്ങിയ പ്രത്യേക വേദികളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കുമായി പ്രത്യേക പരിപാടികളും നിക്ഷേപങ്ങൾ, കരാറുകൾ, സാങ്കേതിക സംരംഭങ്ങൾ എന്നിവ പ്രഖ്യാപിക്കുന്നതിനുള്ള വേദികളും LEAP 26ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
