റിയാദ്: സർഗാത്മകതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരവും രഹസ്യസ്വഭാവവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവരാവകാശ നിയമം (Freedom of Information Law) ഉടൻ പ്രഖ്യാപിക്കുമെന്ന് സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസ്വാഹ പറഞ്ഞു.
റിയാദിൽ മാധ്യമ മന്ത്രാലയം സംഘടിപ്പിച്ച സർക്കാർ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി വിഷൻ 2030 പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ 75 ശതമാനത്തിലധികം വളർന്ന് 522 ബില്യൺ റിയാലിലെത്തിയതായും ഡിജിറ്റൽ മേഖലയിൽ തൊഴിലുകളുടെ എണ്ണം 4.10 ലക്ഷമായി ഉയർന്നതായും മന്ത്രി വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയോടെ LEAP 2026 ആഗോള സാങ്കേതിക സമ്മേളനം 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റമായി മാറിയെന്നും അൽസ്വാഹ പറഞ്ഞു. റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാലുദിവസത്തെ സമ്മേളനത്തിൽ ഏകദേശം 2,000 ആഗോള ടെക് ബ്രാൻഡുകളും 1,000 പ്രഭാഷകരും നൂറുകണക്കിന് സ്റ്റാർട്ടപ്പുകളും പങ്കെടുക്കും. കൃത്രിമ ബുദ്ധി, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്സ് ടെക്നോളജി, ഡിജിറ്റൽ സർക്കാർ സേവനങ്ങൾ തുടങ്ങിയ മേഖലകൾ സമ്മേളനത്തിൽ അവതരിപ്പിക്കും.
ഡിജിറ്റൽ മത്സരക്ഷമതയിലും സ്പെക്ട്രം ഉദാരവത്കരണത്തിലും സൗദി ആഗോള തലത്തിൽ മുന്നിലെത്തിയതായി മന്ത്രി പറഞ്ഞു. നാഷണൽ ടെക്നോളജി ഡെവലപ്മെന്റ് പ്രോഗ്രാം 1,500-ലധികം സംരംഭകരെയും 5,000 കമ്പനികളെയും പിന്തുണച്ചിട്ടുണ്ട്. ഇതിൽ ഒമ്പത് ബില്യൺ റിയാൽ മൂല്യമുള്ള കമ്പനികളും ഉൾപ്പെടുന്നു.
രാജ്യത്ത് നിന്ന് അയൽരാജ്യങ്ങളിലേക്ക് 3,000-ലധികം സെർവറുകൾ കയറ്റുമതി ചെയ്തതായും, രാജ്യത്തുടനീളം 80-ലധികം ടെക്നിക്കൽ സ്കൂളുകൾ പ്രവർത്തിക്കുന്നതായും ഏകദേശം 30,000 പ്രതിഭകളെ കൃത്രിമ ബുദ്ധി മേഖലയിൽ പരിശീലിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സൗദിയിലെ മൊത്തം കമ്മ്യൂണിക്കേഷൻസ് വിടവ് 50 ശതമാനത്തിൽ നിന്ന് ഒന്നുശതമാനമായി കുറഞ്ഞു. സേവനങ്ങളിലെ വിടവ് അഞ്ച് ശതമാനമായും പരാതികളുടെ എണ്ണം 15 ശതമാനമായും കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഫൈബർ ഒപ്റ്റിക് വ്യാപനം 32 ശതമാനത്തിലെത്തി, 58 ലക്ഷം വീടുകളിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ സബ്സ്ക്രിപ്ഷൻ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറവാണെന്നും കുട്ടികളുടെ പഠന-തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കുടുംബങ്ങൾ ഫൈബർ സേവനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡാറ്റാ സെന്ററുകളിൽ സൗദി വൻതോതിൽ നിക്ഷേപം നടത്തുകയാണെന്നും രാജ്യത്തെ കൃത്രിമ ബുദ്ധി നിക്ഷേപത്തിന്റെ പ്രധാന മേഖലയായി ഡാറ്റാ സെന്ററുകൾ മാറിയെന്നും അൽസ്വാഹ പറഞ്ഞു. ഇതിനായി 80 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി മാറ്റിവച്ചിട്ടുണ്ട്.
2025, 2026 വർഷങ്ങളിലെ ഡിജിറ്റൽ സന്നദ്ധതയിൽ സൗദി ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിൽ നിന്ന് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന രാജ്യമായി സൗദി മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
LEAP 2026ൽ ആമസോൺ, എൻവിഡിയ തുടങ്ങിയ ആഗോള കമ്പനികളുമായി സഹകരിച്ചുള്ള വൻകിട പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ Azure ക്ലൗഡ് പ്ലാറ്റ്ഫോം സമ്മേളനത്തിന്റെ ആദ്യദിനത്തിൽ അവതരിപ്പിക്കുമെന്നും അൽസ്വാഹ അറിയിച്ചു.
കൂടാതെ, പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഡാറ്റയും കൃത്രിമ ബുദ്ധിയും പ്രയോജനപ്പെടുത്തുന്നതിൽ ആഗോളതലത്തിൽ മുന്നിലെത്തുകയാണ് സൗദിയുടെ ലക്ഷ്യമെന്നും ഈ മേഖലയിൽ നിക്ഷേപകരെയും നവീനാശയ പ്രവർത്തകരെയും ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
