ജിദ്ദ: വടക്കൻ നേപ്പാളിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും ആളുകൾ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവർ നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡലിന് പ്രത്യേകം അനുശോചന സന്ദേശങ്ങൾ അയച്ചു.
ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും കാര്യത്തിൽ രാജാവ് സൽമാൻ പ്രസിഡന്റ് പൗഡലിനും മരിച്ചവരുടെ കുടുംബങ്ങൾക്കും നേപ്പാൾ ജനതയ്ക്കും അനുശോചനം അറിയിച്ചു. കാണാതായവർ സുരക്ഷിതരായി കുടുംബങ്ങളിലേക്ക് മടങ്ങിയെത്തട്ടെയെന്നും നേപ്പാളിന് കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രസിഡന്റ് പൗഡലിനും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നേപ്പാൾ ജനതയ്ക്കും ആഴത്തിലുള്ള അനുശോചനവും അനുഭാവവും അറിയിച്ചു. കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
നേപ്പാളിലും അയൽരാജ്യമായ ചൈനയിലും പ്രളയവും മണ്ണിടിച്ചിലും മൂലമുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാകുന്നതിനിടെയാണ് സൗദി ഭരണാധികാരികളുടെ അനുശോചന സന്ദേശങ്ങൾ.
മാധ്യമ റിപ്പോർട്ടുകളും പ്രാദേശിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും പ്രകാരം ഇരു രാജ്യങ്ങളിലുമായി 600-ലധികം പേർ മരിക്കുകയും ഏകദേശം 3,000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
