റിയാദ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കാൻ ലൈസൻസും ഔദ്യോഗിക അനുമതിയുമുള്ള വിദ്യാഭ്യാസ ഗതാഗത സേവനദാതാക്കളെ മാത്രം ആശ്രയിക്കണമെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (TGA) മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ സുരക്ഷയാണ് വിദ്യാഭ്യാസ ഗതാഗത മേഖലയുടെ നിയന്ത്രണത്തിൽ പ്രധാന പരിഗണനയെന്ന് അതോറിറ്റി വ്യക്തമാക്കി. വിവിധ മാർഗങ്ങളിലൂടെ ലഭ്യമായ ഔദ്യോഗികവും ലൈസൻസുള്ളതുമായ വിദ്യാഭ്യാസ ഗതാഗത സേവനങ്ങൾ ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
ലൈസൻസില്ലാത്ത സ്കൂൾ ഗതാഗത സേവനദാതാക്കളെ ഒഴിവാക്കണം. ഇത്തരം സേവനങ്ങൾ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് അപകടസാധ്യത സൃഷ്ടിക്കാമെന്നും TGA മുന്നറിയിപ്പ് നൽകി.
ലൈസൻസുള്ള സ്കൂൾ ബസുകളെ തിരിച്ചറിയാൻ ചില പ്രത്യേക അടയാളങ്ങളുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. മഞ്ഞ നമ്പർ പ്ലേറ്റ്, ബസിന്റെ ഇരുവശത്തുമുള്ള സ്റ്റോപ്പ് ആം, ഉപഭോക്തൃ സേവന ഫോൺ നമ്പർ എന്നിവ പ്രധാന തിരിച്ചറിയൽ സംവിധാനങ്ങളാണ്.
കൂടാതെ, സേവനദാതാവിന്റെ ലൈസൻസ് നമ്പർ, ഓപ്പറേറ്റിംഗ് കാർഡ് നമ്പർ, ബസ് നമ്പർ എന്നിവ ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും പ്രദർശിപ്പിച്ചിട്ടുണ്ടാകും.
പുതിയ അധ്യയന വർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ ഗതാഗത മേഖലയിലെ നിരീക്ഷണം TGA ശക്തമാക്കിയിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം നിയമലംഘനങ്ങൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
