റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ബോർഡർ ഗാർഡ് നടത്തിയ പരിശോധനകളിൽ വൻതോതിൽ ലഹരിമരുന്നും നിരോധിത വസ്തുക്കളും പിടികൂടി. തബൂക്ക്, ജസാൻ, അസീർ, നജ്റാൻ മേഖലകളിലാണ് പരിശോധനകൾ നടന്നത്.
മെഡിക്കൽ സർക്കുലേഷൻ ചട്ടങ്ങൾക്ക് വിധേയമായ 2,695,731 ഗുളികകളും 942,485 ആംഫെറ്റാമിൻ ഗുളികകളും 138 ടൺ ഖാത്തും 2.8 ടൺ ഹാഷിഷുമാണ് പിടികൂടിയത്.
നാല് മേഖലകളിലെയും ബോർഡർ ഗാർഡ് പട്രോളിംഗ് സംഘം നടത്തിയ പരിശോധനകളിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുകയും കേസുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റിലായവർക്കെതിരായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911-ലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999-ലും ബോർഡർ ഗാർഡിന്റെ 994-ലും നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ 995-ലും വിവരങ്ങൾ നൽകാം.
995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിലൂടെയും വിവരങ്ങൾ കൈമാറാം. ലഭിക്കുന്ന വിവരങ്ങൾ പൂർണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും വിവരം നൽകുന്നവർക്ക് നിയമപരമായ ഉത്തരവാദിത്തമൊന്നും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
