റിയാദ്: മക്ക മേഖലയിലെ ഗ്രീവൻസസ് ബോർഡിന് കീഴിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതി, ഒരു വിദ്യാർത്ഥിയെ രണ്ട് സെമസ്റ്ററുകളിലേക്ക് സസ്പെൻഡ് ചെയ്യാനുള്ള സർവകലാശാലയുടെ തീരുമാനം റദ്ദാക്കി.
വിദ്യാർത്ഥികൾക്കെതിരെ സർവകലാശാലകൾ സ്വീകരിക്കുന്ന അച്ചടക്ക നടപടികൾക്ക് ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാകാമെന്ന് കോടതി വ്യക്തമാക്കി. അച്ചടക്ക നടപടിക്ക് അടിസ്ഥാനമായ കാരണങ്ങളുടെ സാധുതയും ആരോപിക്കപ്പെടുന്ന നിയമലംഘനത്തിന് ആവശ്യമായ തെളിവുകളുമുണ്ടോയെന്നത് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് സെമസ്റ്ററുകളിലേക്ക് സസ്പെൻഡ് ചെയ്ത സർവകലാശാലാ തീരുമാനത്തെ ചോദ്യം ചെയ്ത് വിദ്യാർത്ഥി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. അനുചിതമായ പെരുമാറ്റം ആരോപിച്ച് ഒരു കോഴ്സ് അധ്യാപകനെതിരെ വിദ്യാർത്ഥി നൽകിയ പരാതിയെ തുടർന്നായിരുന്നു സർവകലാശാലയുടെ അച്ചടക്ക നടപടി.
കേസ് പരിഗണിച്ച കോടതി സർവകലാശാലയുടെ തീരുമാനത്തിനുള്ള കാരണങ്ങളും അതിന് അടിസ്ഥാനമായ വസ്തുതകളും പരിശോധിച്ചു. അധ്യാപകനെതിരെ വിദ്യാർത്ഥി നൽകിയ പരാതി, ആരോപിക്കപ്പെട്ട അച്ചടക്ക ലംഘനത്തിന് മതിയായ അടിസ്ഥാനമല്ലെന്ന് കോടതി കണ്ടെത്തി.
അച്ചടക്ക നടപടി സ്വീകരിക്കാൻ മതിയായ കാരണങ്ങളില്ലാത്തതിനാൽ സർവകലാശാലയുടെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി. ഭരണപരവും അച്ചടക്കപരവുമായ തീരുമാനങ്ങളുടെ നിയമസാധുത ഉറപ്പാക്കുന്നതിൽ തീരുമാനത്തിനുള്ള സാധുവായ കാരണങ്ങളും ആരോപിക്കപ്പെടുന്ന ലംഘനത്തിന് മതിയായ തെളിവുകളും നിർണായകമാണെന്നും കോടതി വ്യക്തമാക്കി.
തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് അപ്പീൽ കോടതി ചോദ്യം ചെയ്യപ്പെട്ട തീരുമാനം റദ്ദാക്കി. സാധുവായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അച്ചടക്ക നടപടികൾ സ്വീകരിക്കാവൂ എന്നും വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണപരമായ തീരുമാനങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാകണമെന്നും വിധി വ്യക്തമാക്കുന്നു.
അധികാരപരിധിയുടെ അഭാവം, തീരുമാനത്തിലെ കാരണങ്ങളുടെ പോരായ്മ, ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനം, നിയമങ്ങളുടെ പ്രയോഗത്തിലോ വ്യാഖ്യാനത്തിലോ ഉണ്ടായ പിഴവ്, അധികാര ദുർവിനിയോഗം തുടങ്ങിയ സാഹചര്യങ്ങളിൽ ഭരണപരമായ തീരുമാനങ്ങൾ റദ്ദാക്കുന്നതിനുള്ള കേസുകൾ പരിഗണിക്കാൻ അഡ്മിനിസ്ട്രേറ്റീവ് കോടതികൾക്ക് അധികാരമുണ്ടെന്ന് അഭിഭാഷകൻ ബഷായർ അൽ-അസ്മ വ്യക്തമാക്കി.
