റിയാദ്: ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കടത്തിയ മൂന്ന് വിദേശികൾക്ക് ഗതാഗത ജനറൽ അതോറിറ്റി (TGA) പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു. ആകെ 35,000 സൗദി റിയാൽ പിഴ ചുമത്തിയതിനൊപ്പം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവായിട്ടുണ്ട്.
നിയമവിരുദ്ധമായി സർവീസ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.
ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയതിന് ഈജിപ്ഷ്യൻ, ഇന്ത്യൻ പൗരന്മാർക്ക് 12,000 റിയാൽ വീതമാണ് പിഴ ചുമത്തിയത്. അനധികൃതമായി സർവീസ് നടത്താൻ ശ്രമിച്ച ചാഡ് പൗരന് 11,000 റിയാലും പിഴ ലഭിച്ചു. ഇവർ മൂന്ന് പേരെയും സൗദി അറേബ്യയിൽ നിന്ന് നാടുകടത്താനും തീരുമാനമായിട്ടുണ്ട്. സുരക്ഷിതവും നിലവാരമുള്ളതുമായ ഗതാഗത സേവനം ഉറപ്പാക്കുന്നതിനായി അനധികൃത സർവീസുകൾക്കെതിരെ ശക്തമായ പരിശോധന തുടർന്നുപോരുമെന്ന് TGA വ്യക്തമാക്കി.
സൗദി കരഗത നിയമപ്രകാരം ആവശ്യമായ ലൈസൻസുകളോ പെർമിറ്റുകളോ ഇല്ലാതെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുരുതരമായ ലംഘനമാണ്. സ്വദേശികളല്ലാത്ത ലംഘകർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനും വിധി പബ്ലിഷ് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്. അംഗീകൃത ഗതാഗത മാർഗ്ഗങ്ങളും ലൈസൻസുള്ള വാഹനങ്ങളും മാത്രം യാത്രകൾക്കായി ഉപയോഗിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
