റിയാദ്: നിയോം പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് (NEOM Nature Reserve) ഘട്ടങ്ങളായി തുറന്നുവിട്ട കഴുതപ്പുലികളിൽ ഒന്ന് കുഞ്ഞിന് ജന്മം നൽകിയതായി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫും (NCW) നിയോമും ചേർന്ന് അറിയിച്ചു. സ്വാഭാവിക വനാന്തരീക്ഷത്തിൽ വരിവരയൻ കഴുതപ്പുലി (Striped Hyena) കുഞ്ഞിന് ജന്മം നൽകുന്നത് ഇതാദ്യമാണ്. പുതിയ പരിസ്ഥിതിയോട് മൃഗങ്ങൾ വിജയകരമായി ഇണങ്ങിച്ചേരുന്നതിന്റെയും കാട്ടിൽ പ്രജനനം നടത്താനുള്ള അവയുടെ ശേഷിയുടെയും ശുഭസൂചനയാണിത്.

പ്രകൃതിദത്ത ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിനും വന്യജീവി വംശവർദ്ധനവിനുമായി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് നടപ്പിലാക്കുന്ന വന്യജീവി സംരക്ഷണ പരിപാടികളിലെ പ്രധാന നാഴികക്കല്ലാണിതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കാട്ടിലേക്ക് തുറന്നുവിടുന്നതിന് മുന്നോടിയായി, NCW-ന്റെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ വെച്ച് കഴുതപ്പുലികളെ പ്രത്യേക നിരീക്ഷണത്തിനും വെറ്ററിനറി പരിശോധനകൾക്കും വിധേയമാക്കിയിരുന്നു. തുടർന്ന് വിദഗ്ദ്ധ സംഘം പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ അനുയോജ്യത വിലയിരുത്തിയ ശേഷമാണ് ഇവയെ സ്വതന്ത്രമാക്കിയത്.

സൗദിയിൽ വന്യജീവി പ്രജനനത്തിലും പുനരധിവാസത്തിലും ഇതൊരു വലിയ നാഴികക്കല്ലാണെന്ന് NCW സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ പറഞ്ഞു. അപൂർവ്വയിനം ജീവിവർഗ്ഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തിക്കുന്നതിലൂടെ പ്രകൃതിയുടെ സമതുലിതാവസ്ഥ നിലനിർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനങ്ങളിലെ ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളും ചത്ത ജീവികളെയും ഭക്ഷണമാക്കുന്നതിലൂടെ ആവാസവ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന ജീവിവർഗ്ഗമാണ് വരിവരയൻ കഴുതപ്പുലികൾ. വേട്ടയാടലും വിഷബാധയും കാരണം ഇവയുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
