റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയുൾപ്പെടെയുള്ള സർക്കാരിതര സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നത് തടയാൻ കർശന നടപടികളുമായി ഭിന്നശേഷി അതോറിറ്റി. നിയമലംഘനങ്ങൾ നേരിട്ട് നിരീക്ഷിക്കുകയും സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്യുന്നതിനുള്ള നടപടികൾക്ക് ഭിന്നശേഷിക്കാരുടെ പരിചരണ കമ്മിഷൻ തുടക്കം കുറിച്ചു.
ഭിന്നശേഷി അവകാശ നിയമത്തിലെ ആർട്ടിക്കിൾ 25 പ്രകാരമാണ് പരിശോധനകൾ നടത്തുന്നത്. നിയമത്തിലെ ആർട്ടിക്കിൾ രണ്ടിൽ വ്യക്തമാക്കിയ അടിസ്ഥാന തത്വങ്ങൾ പാലിക്കുന്നതിൽ സർക്കാരിതര സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതും ഭിന്നശേഷിക്കാർക്ക് അവകാശങ്ങളും സേവനങ്ങളും നിഷേധിക്കുന്നതും നിയമലംഘനമായി കണക്കാക്കും.
വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ടോ പരോക്ഷമായോ വിവേചനം സൃഷ്ടിക്കുന്ന നയങ്ങളും നടപടികളും നിയമത്തിന്റെ പരിധിയിൽ വരും. വിദ്യാഭ്യാസം, ആരോഗ്യം, ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ ഭിന്നശേഷിക്കാർക്ക് നിയമപ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങളും സേവനങ്ങളും നിഷേധിക്കുന്നതും ഇതിൽ ഉൾപ്പെടും.
നിയമലംഘനങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക സമിതിയും രൂപീകരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്താം. കുറ്റം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴത്തുക ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ ഭിന്നശേഷിക്കാർക്ക് മറ്റുള്ളവരുമായി തുല്യമായ അവസരങ്ങളും സേവനങ്ങളും ഉറപ്പാക്കുകയും സമൂഹത്തിൽ തുല്യ അവകാശങ്ങളോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
