റിയാദ്: ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ പ്രധാനമന്ത്രി മസ്രൂർ ബർസാനിയുടെ ഓഫീസ് ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയമാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.
ഇറാഖ് റിപ്പബ്ലിക്കിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു.
പ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടുള്ള എല്ലാ ശത്രുതാപരമായ പ്രവർത്തനങ്ങളെയും, ഇറാഖിന്റെ സുരക്ഷ, സ്ഥാപനങ്ങൾ, സ്ഥിരത എന്നിവയ്ക്ക് ഭീഷണിയാകുന്ന ഏത് നടപടിയെയും സൗദി അറേബ്യ പൂർണ്ണമായും നിരസിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ എല്ലാത്തരം ഇടപെടലുകളും, പരമാധികാര ലംഘനങ്ങളും, നല്ല അയൽപക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനങ്ങളും സൗദി അറേബ്യ ശക്തമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
