റിയാദ്: റിയൽ എസ്റ്റേറ്റ് ബാലൻസ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 16 ഞായറാഴ്ച മുതൽ സ്വീകരിക്കും. സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. പ്രതിവർഷം 40,000 വരെ റെസിഡൻഷ്യൽ പ്ലോട്ടുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
റിയാദ് നഗരത്തിനായുള്ള റോയൽ കമ്മീഷന്റെ (RCRC) മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷക്കാലം പ്രതിവർഷം 10,000 മുതൽ 40,000 വരെ വികസിപ്പിച്ചും ആസൂത്രണം ചെയ്തതുമായ റെസിഡൻഷ്യൽ പ്ലോട്ടുകൾ ലഭ്യമാക്കും. ഒരു ചതുരശ്ര മീറ്ററിന് 1,500 റിയാലിൽ കവിയാത്ത നിരക്കിലായിരിക്കും പ്ലോട്ടുകൾ നൽകുക.
RCRCയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, റിയൽ എസ്റ്റേറ്റ് ബാലൻസ് പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകരിൽ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
തുടർന്ന് നറുക്കെടുപ്പിലൂടെ പ്ലോട്ടുകൾ കണ്ടെത്തുകയും, അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി ഓഫ്-പ്ലാൻ വിൽപ്പന നടപടികളിലേക്ക് കടക്കുകയും ചെയ്യും. ഇതിന് ശേഷമാണ് ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുക.
റിയാദിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും യോഗ്യരായ ഗുണഭോക്താക്കളുടെ ഭവന ഉടമസ്ഥത വർധിപ്പിക്കുകയുമാണ് റിയൽ എസ്റ്റേറ്റ് ബാലൻസ് പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യം.
നഗരത്തിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഭൂമിയുടെ വിതരണം നീതിപൂർവമാക്കുന്നതിനും ആവശ്യവും വിതരണവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പദ്ധതി സഹായിക്കും.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരവും റിയാദിലെ പൗരന്മാർക്ക് റെസിഡൻഷ്യൽ ഭൂമി ലഭ്യമാക്കുന്നതിന് അനുമതി നൽകിയ രാജകൽപ്പനയുടെ അടിസ്ഥാനത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
