റിയാദ്: 2025-ൽ സൗദി അറേബ്യയിൽ 1.95 കോടിയിലധികം (19.5 ദശലക്ഷം) വിദേശ തീർത്ഥാടകർ എത്തിച്ചേർന്നതായി റിപ്പോർട്ട്. ഇതിൽ 1.80 കോടി ഉംറ തീർത്ഥാടകരും 15 ലക്ഷം ഹജ്ജ് തീർത്ഥാടകരും ഉൾപ്പെടുന്നു. 2022-നെ അപേക്ഷിച്ച് ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ 114 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ ലോകത്തിലെ അഞ്ചാമത്തെ നഗരമായി മക്കയും, ടൂറിസം പെർഫോമൻസ് ഇൻഡക്സിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനത്ത് മദീനയും ഇടംനേടി.
സൗദി വിഷൻ 2030-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ‘ദിയൂഫുർ റഹ്മാൻ’ (Guests of God) സർവീസ് പ്രോഗ്രാമിന്റെ 2025-ലെ വാർഷിക റിപ്പോർട്ടിലാണ് (“ഹോണർ ആൻഡ് ഇംപാക്ട്”) ഈ വിവരങ്ങളുള്ളത്.
തീർത്ഥാടകരുടെ എണ്ണം കുത്തനെ ഉയർന്നപ്പോഴും സേവനങ്ങളിലെ സംതൃപ്തി നിരക്ക് ഉയർന്ന നിലയിൽ തുടരുന്നു. ഹജ്ജ് സേവനങ്ങളിൽ 91 ശതമാനവും ഉംറ സേവനങ്ങളിൽ 94 ശതമാനവുമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. ഇത് വിഷൻ 2030 ലക്ഷ്യമിട്ടതിനേക്കാൾ ഉയർന്ന നിരക്കാണ്.
മറ്റ് പ്രധാന വിവരങ്ങൾ:
റൗദ ശരീഫ് സന്ദർശനം: 2025-ൽ 1.6 കോടിയിലധികം ആളുകൾ മദീനയിലെ റൗദ ശരീഫ് സന്ദർശിച്ചു. ജനങ്ങളുടെ സംതൃപ്തി നിരക്ക് 2022-ലെ 57%-ൽ നിന്ന് 88%-മായി ഉയർന്നു.
ചരിത്രപരമായ തീർത്ഥാടന കേന്ദ്രങ്ങൾ: മക്കയിലെയും മദീനയിലെയും നവീകരിച്ച സാംസ്കാരിക-ചരിത്ര കേന്ദ്രങ്ങളുടെ എണ്ണം 87 ആയി ഉയർന്നു. 5.5 കോടിയിലധികം ആളുകളാണ് ഈ കേന്ദ്രങ്ങൾ സന്ദർശിച്ചത്.
സന്നദ്ധസേവനം: തീർത്ഥാടകരെ സഹായിക്കാൻ 1,84,000-ത്തിലധികം സൗദി സന്നദ്ധപ്രവർത്തകർ മുന്നോട്ടുവന്നു.
വിസ വിവരങ്ങൾ: ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി ആകെ 1.50 കോടിയിലധികം (15.03 ദശലക്ഷം) വിസകൾ അനുവദിച്ചു. ഇതിൽ 83 ശതമാനവും ഉംറ വിസകളാണ്. ഉംറ വിസ ലഭിച്ചവരിൽ പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് മുൻപന്തിയിൽ.
