അബുദാബി: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ സുപ്രീം കോടതി നിർദേശപ്രകാരം അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കേന്ദ്രങ്ങൾ വഴി ആരംഭിച്ചു. യു.എ.ഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാകുക.
ഇതോടെ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ ഈ സേവനങ്ങൾ ഇനി നേരിട്ട് ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.
അറിയേണ്ട പ്രധാന വിവരങ്ങൾ:
അപ്പോയിന്റ്മെന്റ് ബുക്കിങ്: സേവനങ്ങൾ ആവശ്യമുള്ളവർ consularsevainuae.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്. ദിവസവും രാവിലെ 9:00 AM, രാത്രി 9:00 PM എന്നീ സമയങ്ങളിൽ പുതിയ സ്ലോട്ടുകൾ ലഭ്യമാകും.
പ്രവർത്തന സമയം: രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെയാണ് സെന്ററുകളുടെ പ്രവർത്തന സമയം. ബുക്ക് ചെയ്ത സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ.
സർവീസ് ചാർജ്: ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഫീസിന് പുറമെ, വാറ്റ് (VAT) ഉൾപ്പെടെ 19 ദിർഹമാണ് സർവീസ് ചാർജ്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ഡോക്യുമെന്റ് ടൈപ്പിങ്, പ്രിന്റൗട്ട്, ഫോട്ടോകോപ്പി, ഡൊമസ്റ്റിക് കുറിയർ എന്നീ അനുബന്ധ സേവനങ്ങളും ഈ തുകയിൽ ഉൾപ്പെടും.
മുൻകൂട്ടി അപ്പോയിന്റ്മെന്റ് വേണ്ടാത്തവർ: തത്കാൽ പാസ്പോർട്ട്, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് (EC) എന്നിവ ആവശ്യമുള്ളവർക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ നേരിട്ടെത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താം.
