കുവൈത്ത് സിറ്റി – നാവിക സേനാ കപ്പലിന് നേരെയുണ്ടായ ഇറാന് ആക്രമണത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അല്‍അത്വാന്‍ അറിയിച്ചു. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. ഒരു ബാലിസ്റ്റിക് മിസൈലും അഞ്ച് ക്രൂയിസ് മിസൈലുകളും 33 ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാന് കുവൈത്തില്‍ ആക്രമണത്തിന് ശ്രമിച്ചത്. ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരടും പാലിക്കണം. സുപ്രധാന കേന്ദ്രങ്ങളും സിവിലിയന്‍ സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഇറാന് ആക്രമണത്തിന് ശ്രമിച്ചത്. രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു. ഇത് ഭൗതിക നാശനഷ്ടങ്ങള്‍ക്ക് കാരണമായി. കുവൈത്ത് സായുധ സേന തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുകയും നിരന്തരമായ സുസജ്ജതയും തയ്യാറെടുപ്പും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും കേണല്‍ സൗദ് അല്‍അത്വാന്‍ പറഞ്ഞു.
മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഫലമായുണ്ടാകുന്ന അവശിഷ്ടങ്ങള്‍, ഭാഗങ്ങള്‍ എന്നിവയെ സമീപിക്കുകയോ സ്പര്‍ശിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് കുവൈത്ത് സായുധ സേന ആവശ്യപ്പെട്ടു. ആക്രമണങ്ങളില്‍ തകര്‍ന്ന സ്ഥലങ്ങളുടെയോ, ഇന്റസെപ്ഷന് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ഭാഗങ്ങളും അവശിഷ്ടങ്ങളും പതിച്ച സ്ഥലങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുകയും പങ്കിടുകയും ചെയ്യരുത്. പൊതു സുരക്ഷ നിലനിര്‍ത്താന്‍ അത്തരം സംഭവങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും സായുധ സേന ആവശ്യപ്പെട്ടു.
ഇറാന് ആക്രമണത്തിന്റെ ഫലമായി രാജ്യത്തെ ഒരു സ്ഥലത്ത് തീപിടുത്തം ഉണ്ടായതായും ഇത് നിയന്ത്രണവിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കുവൈത്ത് ഫയര്‍ഫോഴ്സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ഗരീബ് പറഞ്ഞു. സൈന്യത്തിന്റെയും നാഷണല്‍ ഗാര്‍ഡിന്റെയും അഗ്നിശമന സംഘങ്ങളുടെ പിന്തുണയോടെ ആറ് ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ഓപ്പറേഷനില്‍ പങ്കെടുത്തതായി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ഗരീബ് വിശദീകരിച്ചു.
