റിയാദ്: സൗദി അറേബ്യയിൽ ആഭ്യന്തര വിമാന സർവീസുകളുടെ ചെലവ് കുറയ്ക്കാനും ടിക്കറ്റ് നിരക്കുകളിലെ വർധനവ് നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ദേശീയ പദ്ധതി തയാറാക്കാൻ സൗദി എയർലൈൻസിന് ശൂറ കൗൺസിൽ നിർദേശം നൽകി. ഒൻപതാം ടേമിലെ രണ്ടാമത്തെ വർഷത്തെ 34-ാമത് സെഷനിലാണ് ശൂറ കൗൺസിൽ ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. വിമാന ടിക്കറ്റ് നിരക്കുകൾ, ജല-വൈദ്യുതി സേവനങ്ങൾ, വിദേശ വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ നിർദേശിക്കുന്നതാണ് പുതിയ തീരുമാനങ്ങൾ.
യാത്രക്കാർക്ക് ആപ്പ് വഴി ടിക്കറ്റിലെ പേര് മാറ്റാനുള്ള സൗകര്യം പഠനവിധേയമാക്കാൻ സൗദി എയർലൈൻസിനോട് കൗൺസിൽ ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്ന കരിഞ്ചന്ത തടയാൻ ഇതിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
വിമാന സർവീസ് തീയതികൾ അടുക്കുംതോറും ടിക്കറ്റ് നിരക്കുകൾ അനിയന്ത്രിതമായി ഉയരുന്നത് തടയാൻ ഉയർന്ന നിരക്കിന് പരിധി നിശ്ചയിക്കണം. ഇരു ഹറമുകളും സന്ദർശിക്കുന്ന തീർഥാടകർക്കായി താമസം, വിമാന ടിക്കറ്റ്, വിവർത്തന സേവനങ്ങൾ, സാങ്കേതിക മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏകീകൃത സ്മാർട്ട് പാക്കേജുകൾ വികസിപ്പിക്കാനും നിർദേശമുണ്ട്. വിരമിച്ച സ്വദേശി വിദഗ്ധരുടെ സേവനവും അനുഭവസമ്പത്തും ഈ മേഖലയിൽ പ്രയോജനപ്പെടുത്തണം.
ഗൾഫ് രാജ്യങ്ങൾക്ക് പുറത്തുള്ള വാണിജ്യ കാര്യാലയങ്ങൾ വഴി ലഭ്യമാകുന്ന കയറ്റുമതി-നിക്ഷേപ അവസരങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കാൻ ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡിനോട് കൗൺസിൽ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര തർക്കങ്ങളിൽ രാജ്യത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ അപ്പീൽ ബോഡിയെ സജീവമാക്കണം. വിദേശ വ്യാപാര മേഖലയിൽ സ്വദേശി വിദഗ്ധരുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകണം.
നാഷണൽ ഡെബ്റ്റ് മാനേജ്മെന്റ് സെന്റർ ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സാമ്പത്തിക വിശകലനവും മുൻകൂട്ടി കാണലുകളും കൂടുതൽ കാര്യക്ഷമമാക്കണമെന്നും നിർദേശമുണ്ട്.
സൗദി റെഡ് സീ അതോറിറ്റിയുടെ കീഴിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രത്യേക പ്രോത്സാഹന പദ്ധതികൾ തയാറാക്കണം. തീരദേശ ടൂറിസം പ്രവർത്തനങ്ങൾക്കായി ലൈസൻസുകളും പെർമിറ്റുകളും ഒറ്റത്തവണയായി നൽകുന്ന ഏകീകൃത പ്ലാറ്റ്ഫോം (One-stop-shop) വേഗത്തിലാക്കണം. കൂടാതെ സമുദ്ര-തീരദേശ പരിപാടികൾക്കായി വാർഷിക കലണ്ടർ തയാറാക്കാനും സ്വദേശി ജീവനക്കാർക്ക് മികച്ച തൊഴിലന്തരീക്ഷം ഉറപ്പാക്കാനും നിർദേശമുണ്ട്.
ഉടമസ്ഥാവകാശ രേഖകൾ പൂർത്തിയാകാത്ത വീടുകളിലേക്ക് വാട്ടർ കണക്ഷൻ നൽകുന്നതിനായി വൈദ്യുതി ബില്ല് ഒരു മാനദണ്ഡമായി സ്വീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സൗദി വാട്ടർ അതോറിറ്റിയോട് കൗൺസിൽ ആവശ്യപ്പെട്ടു. മുൻപ് ഉയർന്ന നിരക്കിൽ വാട്ടർ-സ്വീവേജ് കണക്ഷൻ ചാർജ് ഈടാക്കിയ വരിക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. നിലവിൽ ആളുകൾ താമസിക്കുന്നതും എന്നാൽ കണക്ഷനുകൾ ലഭിക്കാത്തതുമായ പാർപ്പിട മേഖലകളിൽ വാട്ടർ, സ്വീവേജ് ശൃംഖലകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ശൂറ കൗൺസിൽ ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ വലിയ മാറ്റങ്ങൾ വരുത്താൻ നാഷണൽ സെന്റർ ഫോർ കരിക്കുലത്തിന് കൗൺസിൽ നിർദേശം നൽകി. പ്രൈമറി ക്ലാസുകളിലെ അറബി ഭാഷാ പഠനം വെറും അക്ഷരങ്ങളിലും വാക്കുകളിലും ഒതുക്കാതെ, കുട്ടികളിൽ ചിന്താശേഷിയും ആത്മവിശ്വാസവും വളർത്തുന്ന രീതിയിലാകണം. മിഡിൽ സ്കൂൾ പാഠ്യപദ്ധതിയിൽ സാഹിത്യം, കല, ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ വിജയം കൈവരിച്ച സൗദി പ്രതിഭകളുടെ മാതൃകകൾ ഉൾപ്പെടുത്തി സിലബസ് വിപുലീകരിക്കാനും കൗൺസിൽ ആവശ്യപ്പെട്ടു.
വിമാന ടിക്കറ്റ് നിരക്കുകൾ, ജല-വൈദ്യുതി സേവനങ്ങൾ, വിദേശ വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിൽ സുപ്രധാന തീരുമാനങ്ങളുമായി സൗദി ശൂറ കൗൺസിൽ
















Leave a Reply