കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്നും ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്തിൽ നിന്നുള്ളതും ഇങ്ങോട്ടേക്കുള്ളതുമായ എല്ലാ സർവീസുകളും നിർത്തിവെച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി ബുധനാഴ്ച അറിയിച്ചു. മറ്റു അറിയിപ്പുകൾ ഉണ്ടാകുന്നത് വരെ കുവൈത്തിലേക്ക് വരേണ്ട എല്ലാ വിമാനങ്ങളും സമീപ രാജ്യങ്ങളിലെ ബദൽ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും സിവിൽ ഏവിയേഷൻ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘ടെർമിനൽ 1’ ലക്ഷ്യമാക്കിയാണ് ഡ്രോണുകൾ ആക്രമണം നടത്തിയതെന്ന് കുവൈത്ത് സൈന്യം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ വിമാനത്താവളത്തിന് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, വിമാനത്താവളത്തിലുണ്ടായിരുന്ന നിരവധി ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പരിക്കേറ്റവർ ആരൊക്കെയാണെന്നോ അവരുടെ കൃത്യമായ എണ്ണമോ നിലവിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടയിലാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത്തരം രാജ്യവിരുദ്ധമായ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കുവൈത്ത് സൈന്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്‌ദുൽ അസീസ് അൽ ഉതൈബി വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



















Leave a Reply