ജിദ്ദ- സൗദിയിൽ എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും ബലിപെരുന്നാൾ നമസ്കാര സമയം ഇസ്ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ അനുസരിച്ച്, എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും ഈദ് ഗാഹുകളിലും മസ്ജിദുകളിലും സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം പെരുന്നാൾ നമസ്കാരം നടത്തണമെന്ന് ഇസ്ലാമിക, ദഅ്വ, ഗൈഡൻസ് കാര്യ മന്ത്രി ഡോ. അബ്‌ദുല്ലത്തീഫ് ആലുശൈഖ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യവസ്ഥ ചെയ്തു.
പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയാക്കാൻ വിവിധ പ്രവിശ്യകളിലെയും സബ്ഗവർണറേറ്റുകളിലെയും മന്ത്രാലയ ശാഖകൾക്ക് മന്ത്രി നിർദ്ദേശം നൽകി. ഈദ് ഗാഹുകളിലും മസ്‌ജിദുകളിലും വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ഉറപ്പാക്കണം. ഈദ് ഗാഹുകൾക്ക് സമീപമുള്ള ജുമാമസ്‌ജിദുകളും ഈദ് ഗാഹുകൾ പര്യാപ്‌തമായതിനാൽ പെരുന്നാൾ നമസ്‌കാരത്തിന് വിശ്വാസികൾ എത്താത്ത ഗ്രാമപ്രദേശങ്ങളിലെ ജുമാമസ്‌ജിദുകളും ഒഴികെ രാജ്യത്തെ മുഴുവൻ ഈദ് ഗാഹുകളിലും ജുമാമസ്‌ജിദുകളിലും പെരുന്നാൾ നമസ്കാരം നിർവഹിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈദ് ദിനത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന പ്രവചനങ്ങൾ മുഴുവൻ പ്രവിശ്യകളിലെയും മന്ത്രാലയ ശാഖകൾ നിരീക്ഷിക്കണം. മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലും ഗവർണറേറ്റുകളിലും ആരാധകരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിന് മസ്ജിദുകളിൽ മാത്രമേ ഈദ് നമസ്‌കാരം നടത്താവൂ. പെരുന്നാൾ നമസ്‌കാരത്തിനായി ഈദ് ഗാഹുകൾ ഉചിതമായ രീതിയിൽ തയ്യാറാക്കണമെന്നും മുൻകൂട്ടി തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
















Leave a Reply