മക്ക- ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിലും മക്കയിലെ വിശുദ്ധ ഹറമിലും പ്രവേശിക്കുന്നതിന് തീർഥാടകർ നുസുക് കാർഡ് കൈവശം വെക്കൽ നിർബന്ധമാണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വേളയിലുടനീളം തീർഥാടകർ ഈ കാർഡ് കൂടെ കരുതേണ്ടത് അടിസ്ഥാനപരമായ വ്യവസ്ഥയാണ്. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അവർക്ക് ആവശ്യമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും നുസുക് കാർഡ് അനിവാര്യമാണ്.
കാർഡ് കൈവശം വെക്കുന്നതിലൂടെ പ്രധാനമായും മൂന്ന് ഗുണങ്ങളാണ് തീർഥാടകർക്ക് ലഭിക്കുന്നത്. പുണ്യസ്ഥലങ്ങൾക്കിടയിലുള്ള യാത്രകൾ എളുപ്പമാക്കുക, വിവിധ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക, വഴിതെറ്റുന്ന സാഹചര്യമുണ്ടായാൽ തമ്പുകളിലേക്കും താമസസ്ഥലങ്ങളിലേക്കും കൃത്യമായ മാർഗനിർദേശം നൽകുക എന്നിവയാണവ. പരിശോധനകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കാർഡുകൾ എളുപ്പത്തിൽ കാണാവുന്ന രീതിയിൽ സൂക്ഷിക്കണമെന്നും അവ കേടുപാടുകൾ കൂടാതെ സംരക്ഷിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഭൗതികമായ കാർഡിന് പുറമെ ഇതിന്റെ ഡിജിറ്റൽ പതിപ്പും ലഭ്യമാണ്. ആവശ്യമായ സന്ദർഭങ്ങളിൽ തീർഥാടകർക്ക് ഈ ഡിജിറ്റൽ കാർഡും ഉപയോഗിക്കാവുന്നതാണെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരുടെ സൗകര്യം മുൻനിർത്തിയാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

















Leave a Reply