റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. റിയാദ്, കിഴക്കൻ പ്രവിശ്യ, യാമ്പു ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ എണ്ണ-വാതക ഉൽപ്പാദന കേന്ദ്രങ്ങൾ, ശുദ്ധീകരണശാലകൾ, പെട്രോകെമിക്കൽ, വൈദ്യുതി ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സൗദി എനർജി കമ്പനിയിലെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു സൗദി പൗരൻ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ഊർജ്ജ മേഖലയിലെ പല നിർണ്ണായക പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കിഴക്ക്-പടിഞ്ഞാറൻ പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം പ്രതിദിനം 700,000 ബാരൽ എണ്ണയുടെ നീക്കത്തെ ബാധിച്ചു.
മനീഫ ഉൽപ്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം വഴി പ്രതിദിനം 300,000 ബാരലിൻ്റെ കുറവുണ്ടായി. നേരത്തെ ഖുറൈസ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിലും സമാനമായ കുറവുണ്ടായതോടെ രാജ്യത്തിന്റെ മൊത്തം ഉൽപ്പാദന ശേഷിയിൽ പ്രതിദിനം 600,000 ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജുബൈലിലെ സാറ്റോർപ്, റാസ് തന്നൂറ റിഫൈനറി, യാൻബുവിലെ സാംറെഫ്, റിയാദ് റിഫൈനറി എന്നിവിടങ്ങളിലെ ആക്രമണം ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെയും ബാധിച്ചു. ജുവൈമയിലെ പ്രോസസിംഗ് പ്ലാൻ്റുകൾക്ക് തീപിടിച്ചതോടെ എൽപിജി, പ്രകൃതി വാതക ദ്രാവകങ്ങൾ എന്നിവയുടെ കയറ്റുമതിയിലും തടസ്സമുണ്ടായി.
ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ തുടരുന്നത് ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും എണ്ണ വിപണിയിൽ വലിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾക്കായി കരുതിവെച്ചിരുന്ന കരുതൽ ശേഖരത്തിൽ കുറവുണ്ടായതായും ഇത് ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
















Leave a Reply