GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുദ്ധത്തിന് 45 ദിവസത്തെ താൽക്കാലിക  വിരാമം ആയേക്കും; അമേരിക്കയും ഇറാനും തമ്മിൽ ചർച്ച നടക്കുന്നതായി റിപ്പോർട്ട്.

വാഷിംഗ്‌ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധം ഒഴിവാക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിന് നയതന്ത്ര നീക്കം നടക്കുന്നതായി റിപ്പോർട്ട്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ചർച്ചകളിൽ പാകിസ്ഥാൻ, ഈജിപ്‌ത്, തുർക്കി എന്നീ രാജ്യങ്ങളാണ് മധ്യസ്ഥത വഹിക്കുന്നത്. നിലവിൽ പശ്ചിമേഷ്യ നേരിടുന്ന കടുത്ത യുദ്ധഭീഷണിക്ക് താൽക്കാലിക ശമനമുണ്ടാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇറാvd സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള കടുത്ത ആക്രമണവും, മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ-ജല വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്താനിടയുള്ള തിരിച്ചടിയും തടയാനുള്ള അവസാന ശ്രമമായാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ കാണുന്നത്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും, അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമ ധാരണയിലെത്താനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

ഇറാനുമേൽ യുഎസ് ഏർപ്പെടുത്തിയിരുന്ന സമയപരിധി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 24 മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്. ചൊവ്വാഴ്‌ച രാത്രി 8 മണിയോടെ (ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ) കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ പ്രധാന കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “ചർച്ചകൾ പുരോഗമിക്കുന്നുണ്ട്, ഒരുപക്ഷേ ധാരണയിലെത്തിയേക്കാം. എന്നാൽ കരാർ നടന്നില്ലെങ്കിൽ അവിടെയുള്ള എല്ലാം ഞാൻ തകർക്കും,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഊർജ്ജ നിലയങ്ങളും സിവിൽ ഇൻഫ്രാസ്ട്രക്‌ചറുകളും ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി ‘യുദ്ധക്കുറ്റം’ ആകാനിടയുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് മറുപടിയായി ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

രണ്ടു ഘട്ടങ്ങളിലായാണ് സമാധാന കരാർ വിഭാവനം ചെയ്‌തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 45 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കുകയും ഈ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് പ്ലാൻ. രണ്ടാം ഘട്ടത്തിൽ അന്തിമ സമാധാന കരാറിൽ ഒപ്പുവെക്കും. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കുന്നതും ഇറാൻ്റെ പക്കലുള്ള യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതും ഈ അന്തിമ കരാറിന്റെ ഭാഗമായിരിക്കുമെന്നാണ് കരുതുന്നത്

ഗസയിലെയോ ലബനനിലേയോ പോലെ പേപ്പറിൽ മാത്രം ഒതുങ്ങുന്ന വെടിനിർത്തൽ കരാറിനോട് ഇറാൻ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. യുദ്ധം വീണ്ടും തുടങ്ങില്ലെന്ന ഉറപ്പ് അമേരിക്കയിൽ നിന്ന് വേണമെന്നാണ് ഇറാൻ്റെ നിലപാട്. അതേസമയം, ഹോർമുസ് കടലിടുക്ക് യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് ഇനി മടങ്ങില്ലെന്നും പ്രത്യേകിച്ച് യുഎസ്, ഇസ്രായേൽ കപ്പലുകളെ കടത്തിവിടില്ലെന്നുമാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കുന്നത്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ലോകം ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!