ജിദ്ദ – ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായിൽ യുദ്ധ പ്രത്യാഘാതങ്ങളാൽ വ്യോമാതിർത്തികൾ താത്ക്കാലികമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ, ഇറാഖിലേയും ഗൾഫിലേയും വിമാന കമ്പനികൾക്ക് ആശ്രയമായി സൗദി വിമാനത്താവളങ്ങൾ. പല രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം നൽകാൻ ലക്ഷ്യമിട്ടാണ് സൗദി വിമാനത്താവളങ്ങൾ മറ്റു വിമാന കമ്പനികൾക്ക് തുറന്നുകൊടുത്തതെന്ന് അധികൃതർ അറിയിച്ചു.
സൗദി സർക്കാരിൻ്റെ അനുമതിയെ തുടർന്ന്, കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വിമാന സർവീസുകൾ നടത്താനുള്ള പ്ലാറ്റ്ഫോം എന്നോണം ഗൾഫ് വിമാന കമ്പനികൾ സൗദി വിമാനത്താവളങ്ങളെ ഉപയോഗിച്ചതായും അവർ വിശദീകരിച്ചു.
കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനെ തുടർന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഡ്രോൺ ആക്രമണത്തെ തുടർന്നും കുവൈത്തിലെ ജസീറ എയർവേയ്‌സ് കിഴക്കൻ സൗദി അറേബ്യയിലെ ഹഫർ അൽബാത്തിനിലുള്ള ഖൈസൂമ വിമാനത്താവളം കേന്ദ്രീകരിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഡ്രോൺ ആക്രമണത്തിൽ കുവൈത്ത് എയർപോർട്ടിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഖൈസൂമ വിമാനത്താവളം കുവൈത്തിൽ നിന്ന് കാർ മാർഗം ഏകദേശം രണ്ടര മണിക്കൂർ അകലെയാണ്.
വിദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഖൈസൂമ വിമാനത്താവളത്തിലെത്തിയ ശേഷം കുവൈത്തിലേക്ക് കരമാർഗം യാത്ര തുടരാൻ കഴിയും. കുവൈത്തിൽ നിന്ന് വിദേശങ്ങളിലേക്ക് പുറപ്പെടുന്നവർക്ക് കരമാർഗം ഖൈസൂമ വിമാനത്താവളത്തി യാത്ര സാധിക്കും. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് സാധുവായ വിസ വേണമെന്ന് വ്യവസ്ഥയുണ്ട്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുന്നതിനാൽ, സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ പ്രവാസികൾക്കും യാത്രക്കാർക്കും വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കും വേണ്ടി തങ്ങളുടെ പ്രവർത്തനങ്ങൾ ഖൈസൂമ വിമാനത്താവളത്തിലേക്ക് മാറ്റിയതായി ജസീറ എയർവേയ്‌സ് അറിയിച്ചു.
അതിനിടെ ഗൾഫ് എയർ ദമ്മാമിൽ നിന്നുള്ള സർവീസുകൾ ഗണ്യമായി വർധിപ്പിച്ചു. ലണ്ടൻ, മുംബൈ, ബാങ്കോക്ക് എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദമ്മാമിൽ നിന്ന് ഗൾഫ് എയർ സർവീസുകൾ ആരംഭിച്ചു. മേഖലയിൽ വ്യോമഗതാഗതത്തിൽ നിലവിൽ നേരിടുന്ന തടസ്സങ്ങൾക്കിടയിലും സർവീസ് തുടർച്ച നിലനിർത്താൻ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതായി ഗൾഫ് എയർ പ്രസ്‌താവനയിൽ പറഞ്ഞു. ഫ്ളൈറ്റ് റാഡാർ24 ഡാറ്റ പ്രകാരം, ഗൾഫ് എയർ വിമാനങ്ങൾ സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽഉല വിമാനത്താവളത്തിലും ഇറങ്ങി. ഇറാഖ് വ്യോമാതിർത്തി അടച്ചതിനാൽ ഉത്തര സൗദിയിലെ അറാർ വിമാനത്താവളം വഴി സർവീസുകൾ നടത്തുന്നതായി ഇറാഖി എയർവേയ്‌സും വ്യക്തമാക്കി
സൗദിയിൽ 13 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 29 എയർപോർട്ടുകളുണ്ട്. 2025 ൽ സൗദിയിൽ വിമാന യാത്രക്കാരുടെ എണ്ണം 14 കോടി കവിഞ്ഞു. യാത്രക്കാരുടെ എണ്ണത്തിൽ ഒമ്പതു ശതമാനം വളർച്ചയുണ്ടായി. സൗദിയിൽ നിന്ന് സർവീസുകളുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 176 ആയി ഉയർന്നു. രാജ്യത്തിൻ്റെ എയർ കണക്റ്റിവിറ്റി പ്രോഗ്രാം സൗദി അറേബ്യയിലേക്ക് ഡയറക്ട് വിമാന സർവീസുകൾ നടത്താനായി 12 പുതിയ വിദേശ വിമാന കമ്പനികളെ ആകർഷിക്കുകയും 18 പുതിയ നഗരങ്ങളിലേക്ക് 60 ലധികം പുതിയ വിമാന റൂട്ടുകൾ ആരംഭിക്കുകയും ചെയ്‌തു. ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ കരുത്ത് ഇത് പ്രകടമാക്കുന്നു.
2025 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സൗദി അറേബ്യയിയിൽ വ്യോമ ഗതാഗതത്തിൽ റെക്കോർഡ് വളർച്ചയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം വിമാന യാത്രക്കാരുടെ എണ്ണത്തിൽ 9.6 ശതമാനം വളർച്ച രേഖപ്പെടുത്തി. എല്ലാ പ്രാദേശിക ശരാശരികളെയും കവിഞ്ഞ വളർച്ച കൈവരിച്ചതോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്നതും ഏറ്റവും വികസിതവുമായ വ്യോമയാന വിപണികളിൽ ഒന്നായി സൗദി അറേബ്യ മാറിയിരിക്കുകയാണ്.
കൊറോണ മഹാമാരി വ്യാപനത്തിന് മുമ്പ് 2019 ൽ 10 കോടി വിമാന യാത്രക്കാർക്ക് സേവനം നൽകിയ സൗദി അറേബ്യ മേഖലയിലെ ഏറ്റവും വലിയ യാത്രാ വിപണികളിൽ ഒന്നാണ്.
2013 നും 2018 നും ഇടയിൽ സൗദിയിൽ വ്യോമയാന മേഖലയിൽ യാത്രാ സേവനങ്ങൾ ഇരട്ടിയായി. അതിനിടെ ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ സൗകര്യങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ തുടരുകയാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
















Leave a Reply