വാഷിംഗ്ടണ്‍ – മുസ്ലിം ബ്രദര്‍ഹുഡിന്റെ ചില ശാഖകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്ത്, ജോര്‍ദാന്‍, ലെബനോന് എന്നിവിടങ്ങളിലെ ബ്രദര്‍ഹുഡ് ശാഖകളെ പ്രത്യേകം പരാമര്‍ശിച്ച്, ഈ ഉത്തരവ് മുസ്ലിം ബ്രദര്‍ഹുഡിന്റെ ചില ശാഖകളെയോ അനുബന്ധ സ്ഥാപനങ്ങളെയോ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനുള്ള പ്രക്രിയക്ക് തുടക്കമിടുന്നതായി എക്സിക്യൂട്ടീവ് ഉത്തരവ് പറയുന്നു. ഈ ശാഖകള്‍ അവ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ക്കും യു.എസ് പൗരന്മാര്ക്കും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും ദോഷം വരുത്തുന്ന അക്രമവും നടത്തുകയോ സൗകര്യമൊരുക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നതായി ഉത്തരവ് സൂചിപ്പിക്കുന്നു. അമേരിക്കയുടെയും മിഡില്‍ ഈസ്റ്റിലെ യു.എസ് സഖ്യകക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ തീവ്രവാദത്തിനും അസ്ഥിരപ്പെടുത്തല്‍ പ്രചാരണങ്ങള്‍ക്കും ഇന്ധനം നല്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ അന്തര്‍ദേശീയ ശൃംഖലയെ പ്രസിഡന്റ് ട്രംപ് നേരിടുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

1928 ല്‍ ഈജിപ്തില്‍ സ്ഥാപിതമായ മുസ്ലിം ബ്രദര്‍ഹുഡ്, മിഡില്‍ ഈസ്റ്റിലും അതിനപ്പുറവും ശാഖകളുള്ള അന്തര്‍ദേശീയ ശൃംഖലയായി മാറിയെന്ന് ട്രംപിന്റെ ഉത്തരവ് പറയുന്നു. ലെബനോന്, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ അതിന്റെ ശാഖകള്‍ അവരുടെ രാജ്യങ്ങള്‍ക്കും യു.എസ് പൗരന്മാര്ക്കും യു.എസ് താല്‍പ്പര്യങ്ങള്‍ക്കും ദോഷം വരുത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും ഏര്‍പ്പെടുകയോ സൗകര്യമൊരുക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന്, മുസ്ലിം ബ്രദര്‍ഹുഡിന്റെ ലെബനീസ് ശാഖയുടെ സൈനിക വിഭാഗവും ഹമാസ്, ഹിസ്ബുല്ല, ഫലസ്തീന് വിഭാഗങ്ങളും ചേര്‍ന്ന് ഇസ്രായിലിലെ സിവിലിയന്‍, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്റെ ഈജിപ്ഷ്യന്‍ ശാഖയുടെ മുതിര്‍ന്ന നേതാവ് യു.എസ് പങ്കാളികള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമെതിരെ രൂക്ഷമായ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ജോര്‍ദാനിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ ഹമാസിന്റെ സായുധ വിഭാഗത്തിന് വളരെക്കാലമായി ഭൗതിക പിന്തുണ നല്കുന്നു. സിറിയയിലും മിഡില്‍ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള അമേരിക്കന്‍ സിവിലിയന്മാരുടെ സുരക്ഷക്കും മേഖലയിലെ ഞങ്ങളുടെ പങ്കാളികളുടെ സുരക്ഷക്കും സ്ഥിരതക്കും ഈ പ്രവര്‍ത്തനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ട്രംപ് ഒപ്പുവെച്ച ഉത്തരവ് പറയുന്നു.
വിദേശ ഭീകര സംഘടനകളായി വര്‍ഗീകരിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡ് ശാഖകളുടെ ശേഷികളും പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കുന്നതിന് പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് അമേരിക്കയുടെ നയം. ഈ ശാഖകളുടെ വിഭവങ്ങള്‍ ഇല്ലാതാക്കുക, അതുവഴി അമേരിക്കയിലെ പൗരന്മാര്ക്കോ അമേരിക്കയുടെ ദേശീയ സുരക്ഷക്കോ അവര്‍ ഉയര്‍ത്തുന്ന ഏതൊരു ഭീഷണിയും ഇല്ലാതാക്കാനാണ് ശ്രമമെന്ന് ട്രംപ് വ്യക്തമാക്കി.
അറ്റോര്‍ണി ജനറലുമായും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുമായും കൂടിയാലോചിച്ച ശേഷം, ഏതെങ്കിലും മുസ്ലിം ബ്രദര്‍ഹുഡ് ശാഖകളെ വിദേശ ഭീകര സംഘടനകളായും പ്രത്യേകമായി വര്‍ഗീകരിച്ച ആഗോള തീവ്രവാദ സംഘടനകളായും പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിദേശ മന്ത്രിയും ധനമന്ത്രിയും 30 ദിവസത്തിനുള്ളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വഴി ട്രംപിന് സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 45 ദിവസത്തിനുള്ളില്‍, ഏതെങ്കിലും ശാഖകളെയോ അനുബന്ധ സ്ഥാപനങ്ങളെയോ വിദേശ ഭീകര സംഘടനകളായും പ്രത്യേകമായി വര്‍ഗീകരിച്ച ആഗോള ഭീകര സംഘടനകളായും പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിദേശ മന്ത്രിയോ ധനമന്ത്രിയോ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിലുണ്ട്.
മുസ്ലിം ബ്രദര്‍ഹുഡിനെ നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ഈജിപ്ത് ഈ ഗ്രൂപ്പിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ജോര്‍ദാന്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം പ്രഖ്യാപിക്കുകയും ഓഫീസുകള്‍ അടക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ഫ്രാന്‍സില്‍ മുസ്ലിം ബ്രദര്‍ഹുഡ് ദേശീയ ഐക്യത്തിന് ഭീഷണി ഉയര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ് നല്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍, ബ്രദര്‍ഹുഡിന്റെ സ്വാധീനം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ വികസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
