റിയാദ്– എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുള്ള പുകപടലം ഇന്ത്യന്‍ മേഖലക്ക് നേരെ സഞ്ചരിക്കുന്നതിനാല്‍ ആകാശ എയറിന്റെ ജിദ്ദ, കുവൈത്ത്, അബൂദാബി സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി കമ്പനി അറിയിച്ചു. 15000 നും 45000നും അടി ഉയരത്തിലാണ് ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും പൊടിയും ഉള്‍പ്പെടുന്ന പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതസ്‌ഫോടനം സൗദി അറേബ്യയുടെ ആകാശ പരിധിയെ നേരിട്ട് ആഘാതമേല്‍പ്പിച്ചിട്ടില്ലെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ മുഹമ്മദ് അല്‍ഖഹ്താനി അറിയിച്ചു. നൂതന ദേശീയ സംവിധാനങ്ങള്‍ വഴി മേഘങ്ങളുടെ ചലനവും കാലാവസ്ഥാ പ്രതിഭാസങ്ങളും കേന്ദ്രം 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സൂചകങ്ങള്‍ രാജ്യത്തിന്റെ അന്തരീക്ഷത്തിലേക്ക് അഗ്‌നിപര്‍വ്വത ചാരത്തിന്റെ പാത കാണിക്കുന്നില്ല. എന്തെങ്കിലും വ്യതിയാനങ്ങള്‍ സംഭവിച്ചാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

