ജിദ്ദ – സൗദിയില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനിക്ക് ലൈസന്‍സ് ലഭിച്ചു. 2025 ഓഗസ്റ്റ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചതായി വിസ്റ്റ ജെറ്റ് അറിയിച്ചു. സൗദിയില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ വിദേശ വിമാന കമ്പനിയാണ് വിസ്റ്റ ജെറ്റ്. സ്വകാര്യ വിമാന സര്‍വീസ് മേഖലയില്‍ വൈദഗ്ധ്യം നേടിയ വിദേശ കമ്പനിയാണ് വിസ്റ്റ ജെറ്റ് എന്നും കമ്പനിക്ക് 270 വിമാനങ്ങള്‍ സ്വന്തമായുണ്ടെന്നും ഇതില്‍ 90 എണ്ണം സൗദിയിലെ 29 വിമാനത്താവളങ്ങളില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് അംഗീകരിച്ചിട്ടുണ്ടെന്നും വിസ്റ്റ ജെറ്റ് ചെയര്‍മാന്‍ മാസിന്‍ ഉബൈദ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കമ്പനി സൗദിയില്‍ 37 ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍തോതിലുള്ള പദ്ധതികളുടെ വികസനവും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും മുതല്‍ വിഷന്‍ 2030 ന്റെ ചട്ടക്കൂടിനുള്ളില്‍ അഭിലഷണീയമായ റെഗുലേറ്ററി പരിഷ്‌കാരങ്ങള്‍ വരെ സൗദി അറേബ്യയിലെ വ്യോമയാന മേഖല നിലവില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സംഭവവികാസങ്ങള്‍ വിസ്റ്റ ജെറ്റിന്റെ ആഗോള ഓണ്‍-ഡിമാന്‍ഡ് ഏവിയേഷന്‍ മോഡലുമായി ഒത്തുപോകുന്നു. മിഡില്‍ ഈസ്റ്റിലെ സ്വകാര്യ വ്യോമയാന മേഖലയുടെ വളര്‍ച്ചക്കുള്ള മുന്‍നിര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഇത് കൂടുതല്‍ ഉറപ്പിക്കുന്നതായും മാസിന്‍ ഉബൈദ് പറഞ്ഞു.

ഗ്ലോബല്‍ 7500 വിമാനങ്ങളുടെ സന്ദര്‍ശനം ഉള്‍പ്പെടുന്ന മാധ്യമ പരിപാടി വിസ്റ്റ ജെറ്റ് ഇന്നലെ റിയാദില്‍ സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബല്‍ 7500 വിമാനനിര സ്വന്തമായ കമ്പനിക്കു കീഴില്‍ ഈയിനത്തില്‍ പെട്ട 270 ലേറെ വിമാനങ്ങളുണ്ട്. ഗ്ലോബല്‍ 7500 വിമാനങ്ങളുടെ കഴിവുകള്‍ അടുത്തറിയാന്‍ സന്ദര്‍ശനം അതിഥികള്‍ക്ക് അവസരം നല്‍കി. അടുത്ത തലമുറയിലെ ഗ്ലോബല്‍ 8000 വിമാനങ്ങളും ഉടന്‍ കമ്പനി പുറത്തിറക്കും. സൗദി ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര യാത്രാ രീതികളുടെ പ്രധാന വശത്തെ പ്രതിഫലിപ്പിക്കുന്ന നിലക്ക്, സൗദി അറേബ്യയില്‍ നിന്ന് യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ സാധ്യമാക്കുന്ന വിമാനത്തിന്റെ ദീര്‍ഘദൂര ശേഷികളും പ്രോഗ്രാമില്‍ എടുത്തുകാണിച്ചു.
