കുവൈത്ത് സിറ്റി – കുവൈത്തില്‍ ഇഖാമ, വിസ ഫീസുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പുതുക്കിയ നിരക്കുകള്‍ ഒരു മാസത്തിനു ശേഷം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പരിഷ്‌കരിച്ച ഇഖാമ നിയമപ്രകാരം അവതരിപ്പിച്ച എക്‌സിക്യൂട്ടീവ് ഉപനിയമങ്ങളുടെ ഭാഗമാണിത്.

ഇണയെയും കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 800 കുവൈത്തി ദീനാര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത കുടുംബത്തിന് പുറത്തുള്ള ആശ്രിതരെ- മാതാപിതാക്കളോ സഹോദരങ്ങളോ പോലുള്ളവരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള പ്രതിവര്‍ഷ ഫീസ് 300 കുവൈത്തി ദീനാറായും ഉയര്‍ത്തി. ടൂറിസം, കുടുംബ സന്ദര്‍ശനങ്ങള്‍, വര്‍ക്ക് എന്‍ട്രി, റെസിഡന്‍സി എന്‍ട്രി എന്നിവയുള്‍പ്പെടെ എല്ലാ വിസിറ്റ് വിസകള്‍ക്കും 10 കുവൈത്തി ദീനാര്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്. വിസിറ്റ് വിസകള്‍ പരമാവധി ഒരു വര്‍ഷം പുതുക്കാനും ചില വ്യവസ്ഥകള്‍ക്ക് കീഴില്‍ വിസിറ്റ് വിസകള്‍ ഇഖാമയായി മാറ്റാനും നിയമങ്ങള്‍ അനുവദിക്കുന്നു.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. എന്നാല്‍ ഓരോ തവണയും സന്ദര്‍ശകനെ പരമാവധി ഒരു മാസം വരെ മാത്രമേ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുകയുള്ളൂ. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിസിറ്റ് വിസക്കാര്‍ക്ക് പിഴകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്ക് റെസിഡന്‍സി സ്റ്റാമ്പിംഗ് പ്രോസസ്സ് ചെയ്യാനുള്ള സമയപരിധി നാല് മാസം വരെയായി കൂട്ടി.
സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍, വിദേശ വിദ്യാര്‍ഥികള്‍, പുരോഹിതന്മാര്‍, സമാന വിഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് ഇഖാമക്കുള്ള പ്രതിവര്‍ഷ പുതുക്കല്‍ ഫീസ് ഇരട്ടിയായി ഉയര്‍ത്തി 20 കുവൈത്തി ദീനാറാക്കി. മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയ ബിദൂന്‍ വിഭാഗക്കാര്‍ക്കും ഇതേ നിയമം ബാധകമാണ്. വിദേശ നിക്ഷേപകര്‍ക്കും പ്രോപ്പര്‍ട്ടി ഉടമകള്‍ക്കും പ്രതിവര്‍ഷ ഇഖാമ ഫീസ് 50 കുവൈത്തി ദീനാര്‍ ആയിരിക്കും. പുതുതായി അവതരിപ്പിച്ച സെല്‍ഫ് സ്‌പോണ്‍സേര്‍ഡ് റെസിഡന്‍സി വിഭാഗത്തിന് വാര്‍ഷിക ഇഖാമ ഫീസ് 500 ദീനാറാണ്.
ആശ്രിതരുടെ ഇഖാമ ഫീസുകളും പരിഷ്‌കരിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും വിദ്യാര്‍ഥികളുടെയും ആശ്രിതര്‍ക്കുള്ള വാര്‍ഷിക ഇഖാമ ഫീസ് 20 കുവൈത്തി ദീനാറായി ഉയര്‍ത്തിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍, പ്രോപ്പര്‍ട്ടി ഉടമകള്‍, പുരോഹിതന്മാര്‍ എന്നിവരുടെ ആശ്രിതര്‍ക്കുള്ള വാര്‍ഷിക ഇഖാമ ഫീസ് 40 ദീനാറാണ്. സ്വയം സ്‌പോണ്‍സേര്‍ഡ് ഇഖാമക്കാരുടെ ആശ്രിതര്‍ക്ക് 100 കുവൈത്തി ദീനാറാണ് വാര്‍ഷിക ഇഖാമ ഫീസ്. മാതാപിതാക്കള്‍, ഇണകൾ, കുട്ടികൾ ഒഴികെയുള്ള ആശ്രിതരുടെ ഇഖാമ ഫീസ് 200 ദീനാറില്‍ നിന്ന് 300 ദീനാറായി വര്‍ധിപ്പിച്ചു.
കുവൈത്ത് പൗരത്വം നേടിയ വനിതകള്‍ക്ക് വിദേശ ഭര്‍ത്താക്കന്മാരില്‍ പിറന്ന കുട്ടികള്‍ക്ക് വാര്‍ഷിക ഇഖാമ ഫീസ് ആയി 20 ദീനാര്‍ നല്‍കേണ്ടിവരും. എന്നാല്‍ ജനനത്തിലൂടെ കുവൈത്ത് പൗരത്വം ലഭിച്ച കുവൈത്തി വനിതകള്‍ക്ക് വിദേശികളുമായുള്ള വിവാഹബന്ധങ്ങളില്‍ പിറന്ന കുട്ടികളെ ഇഖാമ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താല്‍ക്കാലിക ഇഖാമക്ക് പ്രതിമാസം 10 ദീനാര്‍ ഈടാക്കും. വീട്ടുജോലിക്കാര്‍ക്ക് ഇത് 5 ദീനാറാണ്. ഇഖാമ റദ്ദാക്കി രാജ്യം വിടാന്‍ തയ്യാറെടുക്കുന്ന വിദേശികള്‍ പുറപ്പെടല്‍ കാലയളവില്‍ പ്രതിമാസം 10 ദീനാര്‍ ഫീസ് നല്‍കണം.
സ്ഥിരമായി കുവൈത്തില്‍ നിന്ന് പുറത്തു പോകുന്നവർ, അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന വ്യക്തികള്‍, കൂടുതല്‍ സമയം ആവശ്യമുള്ള സന്ദര്‍ശകര്‍ എന്നിവര്‍ക്ക് താല്‍ക്കാലിക ഇഖാമ അനുവദിക്കും. ഇത് മൂന്ന് മാസത്തേക്ക് സാധുതയുള്ളതും ഒരു വര്‍ഷം വരെ പുതുക്കാവുന്നതുമാണ്. ആറ് മാസ പരിധിക്ക് ശേഷം കുവൈത്തിന് പുറത്ത് താമസിക്കാന്‍ അനുമതി തേടുന്ന ഇഖാമയിലുള്ള വിദേശികള്‍ പ്രതിമാസം 5 ദീനാര്‍ വീതം നല്‍കണം.
ഗാര്‍ഹിക തൊഴിലാളി ഫീസുകളും നിയമങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. ആറ് അംഗങ്ങള്‍ വരെയുള്ള കുവൈത്തി കുടുംബങ്ങള്‍ക്ക് മൂന്ന് ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാവുന്നതാണ്. ആറു മുതല്‍ ഒമ്പതു വരെ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് നാല് പേരെ നിയമിക്കാം. വലിയ കുടുംബങ്ങള്‍ക്ക് അഞ്ച് പേരെ നിയമിക്കാവുന്നതാണ് . വീട്ടുജോലിക്കാരുടെ ഇഖാമ പുതുക്കല്‍ വാര്‍ഷിക ഫീസ് 10 ദീനാര്‍ ആണ്. നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ നിയമിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കും. ഇതുപ്രകാരം അധികമുള്ള ആദ്യത്തെ തൊഴിലാളിക്ക് 50 ദീനാറും രണ്ടാമത്തെയാള്‍ക്ക് 100 ദീനാറും വാര്‍ഷിക ഇഖാമ ഫീസ് നല്‍കണം. ഇതിലും കൂടുതലുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരും.
പ്രവാസി കുടുംബങ്ങള്‍ ആദ്യ ഗാര്‍ഹിക തൊഴിലാളിക്ക് 50 ദീനാറാണ് ഇഖാമ ഫീസ് ആയി നല്‍കേണ്ടത്. അധികമായി നിയമിക്കുന്ന ആദ്യ ഗാര്‍ഹിക തൊഴിലാളിക്ക് 400 കുവൈത്തി ദീനാറും രണ്ടാമത്തെയാള്‍ക്ക് 500 ദീനാറും ആയി ഇഖാമ ഫീസ് ഉയരും. നയതന്ത്രജ്ഞര്‍ ആദ്യ ഗാര്‍ഹിക തൊഴിലാളിക്ക് 10 ദീനാറും അടുത്തയാള്‍ക്ക് 100 ദീനാറും പിന്നീടുള്ളവര്‍ക്ക് 200 ദീനാറും ഇഖാമ ഫീസ് നല്‍കണം. ഗാര്‍ഹിക തൊഴിലാളികള്‍ 21 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രത്യേക കേസുകളില്‍ പ്രായപരിധി ഒഴിവാക്കാനുള്ള അധികാരവും മന്ത്രിക്കുണ്ട്.
എന്‍ട്രി വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന പ്രവാസികള്‍ രണ്ട് മാസത്തിനുള്ളില്‍ ഇഖാമ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇഖാമക്ക് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം, ഇഖാമ കാലാവധി പാസ്പോര്‍ട്ടുകളുടെ സാധുതയുമായി ബന്ധിപ്പിക്കില്ല. സാധാരണ ഇഖാമ അഞ്ച് വര്‍ഷം വരെ സാധുതയുള്ളതാണ്. കുവൈത്തി സ്ത്രീകളുടെ വിദേശ കുട്ടികളുടെയും പ്രോപ്പര്‍ട്ടി ഉടമകളുടെയും ഇഖാമ കാലാവധി 10 വര്‍ഷമാണ്. നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തേക്ക് ഇഖാമ നല്‍കും. ഇഖാമ അനുവദിക്കുന്നതിനെ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് നേടുന്നതുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
വിദേശിയുടെ ഇഖാമ സാധുതയുള്ളതാണെങ്കില്‍ പോലും, പല കേസുകളിലും അദ്ദേഹത്തെ ഭരണപരമായി കുവൈത്തില്‍ നിന്ന് നാടുകടത്താവുന്നതാണ്. കുവൈത്തില്‍ വരുമാന സ്രോതസ്സില്ലാതിരിക്കല്‍, തൊഴിലുടമയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അംഗീകാരമില്ലാതെ ഇഖാമയില്‍ പറഞ്ഞിരിക്കുന്നതല്ലാത്ത തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യല്‍ എന്നീ സാഹചര്യങ്ങളില്‍ സാധുതയുള്ള ഇഖാമയുള്ളവരെ നാടുകടത്താവുന്നതാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടല്‍ അടക്കം പൊതുതാല്‍പ്പര്യം, പൊതുസുരക്ഷ, പൊതുധാര്‍മ്മികത എന്നിവക്ക് അത് ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി തീരുമാനിച്ചാലും നാടുകടത്തല്‍ ഉത്തരവിടാവുന്നതാണ്. ഫീസ് പരിഷ്‌കരണങ്ങള്‍ കുവൈത്തില്‍ ഇഖാമ സംവിധാനത്തില്‍ സമീപ വര്‍ഷങ്ങളില്‍ വരുത്തിയ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ്. ഇത് രാജ്യത്തുടനീളമുള്ള താമസക്കാര്‍, തൊഴിലുടമകള്‍, കുടുംബങ്ങള്‍ എന്നിവരെ ബാധിക്കുന്നു.

