ദുബൈ – ദുബൈയില്‍ വരാനിരിക്കുന്ന എയര്‍ ടാക്‌സി സേവനം നഗരത്തിലെ പൊതുഗതാഗത ശൃംഖലയുടെ പ്രധാന ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്രോസിയാന്‍ പറഞ്ഞു. ഇത് സമ്പന്നര്‍ക്കോ വിനോദസഞ്ചാരികള്‍ക്കോ മാത്രമുള്ള അനുഭവമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ടാക്‌സി നിര്‍മ്മാതാക്കളായ ജോബി ഏവിയേഷനുമായും സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറുമായും സഹകരിച്ചുള്ള എയര്‍ ടാക്‌സി സര്‍വീസ് തയാറെടുപ്പുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദുബൈയിയുടെ ദൈനംദിന ഗതാഗത സംവിധാനത്തിലേക്ക് എയര്‍ ടാക്‌സികളെ സംയോജിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബഹ്രോസിയന്‍ കൂട്ടിച്ചേർത്തു.

ക്രമാനുഗതമായി ബസ് നെറ്റ്വര്‍ക്കിന് സമാനമായ കവറേജ് എയര്‍ ടാക്‌സി വാഗ്ദാനം ചെയ്യും. കുറച്ച് വിനോദസഞ്ചാരികള്‍ക്കോ വ്യവസായികള്‍ക്കോ വേണ്ടി ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റിലേക്ക് യാത്രകള്‍ നടത്തുക എന്നതല്ല ലക്ഷ്യം. ഈ സേവനം ദുബൈ നഗരത്തിലെ മൊബിലിറ്റിയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായി അഹ്മദ് ബഹ്രോസിയാന്‍ പറഞ്ഞു.

നാല് വെര്‍ട്ടിപോര്‍ട്ടുകളും പരിമിതമായ എണ്ണം വിമാനങ്ങളും ഉപയോഗിച്ചാണ് എയര്‍ ടാക്‌സി തുടക്കത്തില്‍ സര്‍വീസ് ആരംഭിക്കുക. എന്നാല്‍ ഡിമാന്‍ഡ് വര്‍ധിക്കുകയും നിരക്കുകള്‍ കുറയുകയും ചെയ്യുമ്പോള്‍ ദുബൈയിലുടനീളമുള്ള ഡസന്‍ കണക്കിന് വെര്‍ട്ടിപോര്‍ട്ടുകള്‍ ക്രമേണ ഈ ശൃംഖലയില്‍ ഉള്‍പ്പെടുമെന്ന് ആര്‍.ടി.എ പ്രതീക്ഷിക്കുന്നു. ഇത് നഗരവാസികളെ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങളെപ്പോലെ എയര്‍ ടാക്‌സികള്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കും.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മുന്‍നിര ഹബ്ബായ ദുബൈ ഇന്റര്‍നാഷണല്‍ വെര്‍ട്ടിപോര്‍ട്ടിന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രതിവര്‍ഷം 42,000 ലാന്‍ഡിംഗ് സൗകര്യങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വളരെ ചെറുതായിരിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബഹുജന സ്വീകാര്യത മുന്‍കൂട്ടി കണ്ടാണ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത്.
വാണിജ്യ എയര്‍ ടാക്‌സി സേവനങ്ങള്‍ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ നഗരങ്ങളില്‍ ഒന്നാകാനാണ് ദുബൈ ലക്ഷ്യമിടുന്നതെന്ന് ബഹ്രോസിയാന്‍ പറഞ്ഞു. ആദ്യ ദിവസം മുതല്‍ ഏതാനും എയര്‍ ടാക്‌സി വിമാനങ്ങളും നാലു വെര്‍ട്ടിപോര്‍ട്ടുകളും ഉണ്ടാകും. പക്ഷേ നെറ്റ്വര്‍ക്ക് വികസിക്കും. ക്രമാനുഗതമായി ഇത് നഗരത്തിന് ചുറ്റും ഡസന്‍ കണക്കിന് സ്റ്റേഷനുകളുള്ള ബസ് ശൃംഖലക്ക് സമാനമായി മാറും. ആളുകള്‍ക്ക് ബസ് ഉപയോഗിക്കുന്നതുപോലെ എയര്‍ ടാക്‌സി ഉപയോഗിക്കാന്‍ കഴിയും. ഇതിന് കുറച്ച് സമയമെടുക്കും. “പക്ഷേ അഭിലാഷമുണ്ട്, ദര്‍ശനമുണ്ട്, ഇന്‍ശാഅല്ലാ ഞങ്ങള്‍ വിജയിക്കും” – അഹ്മദ് ബഹ്രോസിയാന്‍ പറഞ്ഞു.
ദുബൈ ഇന്റര്‍നാഷണല്‍ വെര്‍ട്ടിപോര്‍ട്ട് കൂടാതെ, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ദുബൈ, അറ്റ്‌ലാന്റിസ് ദി റോയല്‍, ദുബൈ മാള്‍ എന്നീ മൂന്ന് വെര്‍ട്ടിപോര്‍ട്ടുകളില്‍ നിന്നും ജോബി ഏവിയേഷന്‍ പ്രവര്‍ത്തിക്കും. അടുത്തിടെ എയര്‍ ടാക്‌സി സര്‍വീസ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ജോബി ഏവിയേഷന്‍ യു.എ.ഇയില്‍ പോയിന്റ്-ടു-പോയിന്റ് ഫ്‌ളൈറ്റ് നടത്തുന്ന ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്‌സി കമ്പനിയായി. ദുബൈ എയര്‍ഷോ സന്ദര്‍ശിക്കുന്നവര്‍ക്ക് ജോബി ഏവിയേഷന്റെ എയര്‍ ടാക്‌സി പറക്കുന്നത് കാണാനുള്ള അവസരമുണ്ട്.

