GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ക്കിടെ നടത്തിയ ശക്തമായ പരിശോധനയിൽ 22,000 ലേറെ പിടിയിൽ

ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനയിൽ 22,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം ആറു മുതല്‍ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് 14,027 ഇഖാമ നിയമ ലംഘകരും 4,781 നുഴഞ്ഞുകയറ്റക്കാരും 3,348 തൊഴില്‍ നിയമ ലംഘകരും അടക്കം 22,156 പേർ പിടിയിലായത്. അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 1,924 പേരും അറസ്റ്റിലായി. ഇവരിൽ 62 ശതമാനം പേര്‍ എത്യോപ്യക്കാരും 37 ശതമാനം പേര്‍ യെമനികളും ഒരു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 32 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നല്‍കിയ 31 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.


നിലവില്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 30,236 നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നു. ഇക്കൂട്ടത്തില്‍ 28,407 പേര്‍ പുരുഷന്മാരും 1,829 പേര്‍ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 22,091 പേര്‍ക്ക് വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു. 4,784 പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് 14,916 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ നുഴഞ്ഞുകയറാന്‍ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നല്‍കുന്നവര്‍ക്കും 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!