ജിദ്ദ – സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുന്നു. അടുത്ത ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍വരും.

സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെ സുഗമവും സുരക്ഷിതവുമായ പ്രവര്‍ത്തനം ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. മദ്‌റസത്തീ പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തതിനുശേഷം മാത്രമേ രക്ഷിതാക്കളെ സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. അധ്യയന ദിവസങ്ങളില്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോകാനുള്ള അനുമതിക്കായുള്ള അപേക്ഷകളും പ്ലാറ്റ്ഫോം വഴി മാത്രമായി പരിമിതപ്പെടുത്തും. പേപ്പറിലുള്ള അപേക്ഷകളും രക്ഷിതാക്കള്‍ നേരിട്ട് ഹാജരായി നടത്തുന്ന അപേക്ഷകളും അംഗീകരിക്കില്ല.

പുതിയ സംവിധാനം ആഴ്ചയില്‍ 15 വരെ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കും. ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും അപ്പോയിന്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഓരോ അപ്പോയിന്റ്‌മെന്റ് പ്രകാരവുമുള്ള സന്ദര്‍ശനം 30 മിനിറ്റ് കവിയാന്‍ അനുവദിക്കില്ല. അധ്യയന ദിവസങ്ങളില്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോകാനുള്ള അനുമതി തേടാന്‍ അനുവദിച്ച സമയം രാവിലെ 8.30 മുതല്‍ 9.00 വരെ മാത്രമാണെന്നും മന്ത്രാലയം വിശദീകരിച്ചു.
