ജിദ്ദ – വിമാന കമ്പനിയായ ഫ്ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച. മൂന്നാം പാദത്തില്‍ 12 കോടിയിലേറെ റിയാല്‍ ലാഭം നേടി. വരുമാനം 6.2 ശതമാനം തോതില്‍ വര്‍ധിച്ചതും മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമതയും വിപുലീകരണ തന്ത്രത്തിന്റെ തുടര്‍ച്ചയും ഉയര്‍ന്ന ലാഭം കൈവരിക്കാന്‍ സഹായിച്ചു.

മൂന്നാം പാദാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 68 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 59 വിമാനങ്ങളാണ് ഉണ്ടായിരുന്നത്. 2025ന്റെ തുടക്കത്തിൽ 19 പുതിയ റൂട്ടുകളും ഫ്ളൈ നാസ് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വര്‍ധിച്ച് 42 ലക്ഷമായി. പ്രവര്‍ത്തന ശേഷി വീണ്ടെടുത്തതോടെ വളര്‍ച്ചയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് ഉണ്ടായെന്ന് ഫ്ളൈ നാസ് സി.ഇ.ഒ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.

എന്നാൽ ഒക്യുപെന്‍സി നിരക്ക് 83.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 85.7 ശതമാനമായിരുന്നു ഒക്യുപെന്‍സി നിരക്ക്. വിസ നിയന്ത്രണങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് ഒക്യുപെന്‍സി നിരക്കിൽ കുറവ് വന്നതെന്ന് കമ്പനി വ്യക്തമാക്കി. പക്ഷെ അവാസന ദിനങ്ങളിൽ ഒക്യുപെന്‍സി നിരക്കിൽ ചെറിയ വർധനവ് രേഖപ്പെടുത്തി. ഹജ്ജ്, ഉംറ സീസണും ഈ ഇടിവിന് കാരണമായിട്ടുണ്ട്. മിക്ക ഹജ്ജ്, ഉംറ സീസണല്‍ പ്രവര്‍ത്തനങ്ങളും രണ്ടാം പാദത്തിലാണ് കേന്ദ്രീകരിച്ചിരുന്നത്. മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമതയും കുറഞ്ഞ ഇന്ധനച്ചെലവും കാരണം മൂന്നാം പാദത്തിലെ ഇന്ധനച്ചെലവ് ഏകദേശം 44 കോടി റിയാലിലെത്തി. ഇത് ടിക്കറ്റ് വില്‍പ്പനയുടെ 25.6 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.4 ശതമാനം പോയിന്റിന്റെ കുറവാണിത്.
