ജിദ്ദ: ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി അറേബ്യയിലെ 50 പ്രവാസി തൊഴിലാളികൾക്ക് ഒന്നര കോടി റിയാൽ വിതരണം ചെയ്തതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായാണ് ഇത്രയും തുക വിതരണം ചെയ്തത്.

സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് പ്രവർത്തിക്കാനാകാത്ത കമ്പനികളിലെ തൊഴിലാളികളെ സഹായിക്കുന്നതിനാണ് പദ്ധതി നടപ്പാക്കിയത്. ഇത്തരം കമ്പനികളിലെ തൊഴിലാളികളുടെ വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളും മന്ത്രാലയം നൽകും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ലേബര്‍ അഫയേഴ്സ് ഏജന്‍സിയാണ് ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വേതന കുടിശികകളും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാനായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കമ്പനികൾ പ്രതിസന്ധിയിലായാൽ ഒരു നിശ്ചിത കാലയളവിൽ മന്ത്രാലയം വേതനം നൽകും. പ്രവാസി തൊഴിലാളികളുടെ കുടിശികകളും ഇൻഷുറൻസ് വഴി വിതരണം ചെയ്യും.
വേതന കുടിശിക ലഭിക്കാൻ പ്രവാസി തൊഴിലാളി രാജ്യം വിടേണ്ടതില്ല. തൊഴിലാളിക്ക് സ്വദേശത്തേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഫൈനല്‍ എക്‌സിറ്റ് വീസ ഹാജരാക്കായിൽ വേതന കുടിശികക്ക് ഒപ്പം 1,000 റിയാല്‍ വരെ ഇക്കണോമി ക്ലാസില്‍ മടക്ക ടിക്കറ്റും ഇന്‍ഷുറന്‍സ് പരിരക്ഷ വഴി നൽകും.
