റിയാദ്: നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്ന യാത്രക്കാർക്ക് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ച് സഊദി അറേബ്യ. യാത്രക്കാർക്ക് ആവശ്യമുള്ള മരുന്നുകൾ കൊണ്ട് വരാൻ മരുന്നുകൾക്ക് ഓൺലൈൻ ക്ലിയറൻസ് പെർമിറ്റുകൾ നേടാൻ സൗകര്യമൊരുക്കി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സഊദി അറേബ്യ അവതരിപ്പിച്ചു. ഇത് സംബന്ധിച്ച് സിവിൽ എവിയേഷൻ വിമാന കമ്പനികൾക്ക് നിർദേശം നൽകി.

രാജ്യത്ത് നിയന്ത്രണം ഉള്ള മരുന്നുകൾക്ക് ക്ലിയറൻസ് പെർമിറ്റ് നേടണമെന്നും നവംബർ ഒന്ന് മുതൽ നിയമം പൂർണമായും പ്രാബല്യത്തിൽ വരുമെന്നും ജനറല് അതോറിറ്റി ഓഫ് സിവില് ഏവിയേഷന് (ഗാക്ക) മുഴുവൻ വിമാന കമ്പനികൾക്കും ട്രാവൽസുകൾക്കും നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. ഗാക്ക പുറത്തിറക്കിയ സർക്കുലറിൽ സഊദിയിലേക്ക് വരുന്ന രോഗികളോ അവർക്ക് വേണ്ടി മരുന്ന് കൊണ്ടുവരുന്നവരോ ക്ലിയറൻസ് പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
സിവിൽ വ്യമായാന നിയമത്തിലെ ആർട്ടിക്കിൾ 23 മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവക്കെതിരായ പോരാട്ട നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 11 ലെ ക്ളോസ് ഒന്ന് എന്നിവയുടെ റഫറൻസിലാണ് അറിയിപ്പ് നൽകിയത്.

യാത്രക്കാർ https://cds.sfda.gov.sa/ എന്ന ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ലിങ്കിൽ കയറി ലോഗിൻ ചെയ്ത് Register Individual User എന്ന് സെലക്ട് ചെയ്യുക. തുടർന്ന് വിൻഡോയിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് നിർമ്മിക്കുക. ശേഷം യൂസർ നൈമും പാസ്വേർഡും നൽകി ലോഗിൻ ചെയ്താണ് പെർമിറ്റ് എടുക്കേണ്ടത്. മരുന്നുകളുടെ ചിത്രങ്ങളും വിശദാംശങ്ങളും യാത്രക്കാരന്റെ/ രോഗിയുടെ തിരിച്ചറിയൽ രേഖകൾ, രോഗിയുടെ വിശദ വിവരങ്ങൾ. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ, മെഡിക്കൽ റിപ്പോർട്ട് എന്നിവ സൈറ്റിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യണം.
മരുന്നിന്റെ വ്യാപാര നാമം, ഉൾപ്പെട്ടിട്ടുള്ള കണ്ടന്റുകൾ, മരുന്നിന്റെ സാന്ദ്രത, അളവ് അല്ലെങ്കിൽ പായ്ക്ക് വലുപ്പം എന്നിവയുൾപ്പെടെ കൃത്യമായ വിശദാംശങ്ങൾ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ മരുന്നുകൾ ഇതിൽ ഉൾപ്പെടുത്തി കൊണ്ട് വരാനും സാധിക്കും. യാത്രക്കാരനോ മറ്റൊരു രോഗിക്കോ വേണ്ടിയുള്ള മരുന്നിന്റെ മെഡിക്കൽ ആവശ്യകത തെളിയിക്കുന്ന രേഖകൾ അപേക്ഷകർ ഉൾപ്പെടുത്തണം.
അപേക്ഷ സമർപ്പിച്ചാൽ ‘നിരസിച്ചു’ അല്ലെങ്കിൽ ‘അപൂർണ്ണം’ എന്നിങ്ങനെ വ്യക്തമായി തരംതിരിച്ചിരിക്കുന്ന അപേക്ഷയുടെ നില യാത്രക്കാർക്ക് ട്രാക്ക് ചെയ്യാനും കഴിയും. അപേക്ഷ സമർപ്പിച്ച ശേഷം വീണ്ടും ലോഗിൻ ചെയ്ത് ഓൺലൈനിൽ തന്നെ പെർമിറ്റ് ലഭിക്കുന്നതും ഈ പെർമിറ്റ് യാത്രയിൽ കരുതിയാൽ മതിയാവും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം രോഗികൾക്ക് മുന്തിയ പരിഗണന നൽകുന്നതിനും യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനമെന്നും സഊദി ഫുഡ്സ് ആണ് ഡ്രഗ്സ് അതോറിറ്റി (എസ്എഫ്ഡിയ) അറിയിച്ചു. മരുന്നുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അതിന്റെ സിഡിഎസ് അഥവാ https://cds.sfda.gov.sa/ എന്ന വെബ്സൈറ്റ് വഴി ലഭ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. പട്ടികയിൽ രാജ്യത്തെ നിയമപ്രകാരം കർശനമായി നിരോധിക്കപ്പെട്ട നാർക്കോട്ടിക്, സൈക്കോട്രോപിക് പദാർഥങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
കൺട്രോൾ ട്രഗ് സിസ്റ്റം (സി.ഡി.എസ്) ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം വഴി സഊദിയിലെ നിയന്ത്രിത മരുന്നുകൾക്ക് ക്ലിയറൻസ് നേടിയെടുക്കണമെന്ന് എല്ലാ എയർലൈനുകളും ഉറപ്പാക്കണമെന്നും ‘ഗാക്ക’ നിർദേശം നൽകി. നാർക്കോട്ടിക് വിഭാഗത്തിൽ പെടുന്നതും സൈക്യാട്രി മരുന്നുകളുമാണ് കൂടുതൽ കർശനമായ പരിശോധനകൾക്ക് വിധേയമാക്കുക. ഏതൊക്കെ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാം. കൊണ്ടുവരാവുന്ന അളവുകൾ എത്രയാണ് എന്നതുൾപ്പെടെ അനുവദനീയമായ മരുന്നുകളുടെ അളവുകളുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും സി.ഡി.എസ് വെബ്സൈറ്റിൽ ലഭ്യമാണ്.