ദുബൈ: യുഎഇയിൽ വീസയ്ക്ക് അപേക്ഷിക്കുന്നവർ ഇനിമുതൽ പാസ്പോർട്ടിന്റെ പുറം കവർ പേജിന്റെ പകർപ്പ് സമർപ്പിക്കണം. ദുബൈയിലെ ആമിർ സെന്ററുകളും ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളും ഈ നിർദേശം അറിയിച്ചു. ഈ മാസം ലഭിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് സെന്റർ ജീവനക്കാർ വ്യക്തമാക്കി.

എല്ലാ തരം എൻട്രി പെർമിറ്റ് അപേക്ഷകൾക്കും പാസ്പോർട്ടിന്റെ പുറം പേജ് നിർബന്ധിത രേഖയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിബന്ധന എല്ലാ രാജ്യക്കാർക്കും എല്ലാ വിഭാഗം വീസകൾക്കും ബാധകമാണെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പുതിയ വീസ അപേക്ഷകരെയാണ് ഈ മാറ്റം പ്രധാനമായി ബാധിക്കുക.

എന്നാൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.