ജിദ്ദ – അടുത്ത മാസം ഒന്നിനു മുമ്പായി യഥാര്‍ഥ ഗുണഭോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാട്ടര്‍ മീറ്ററുകളിലെ ജലകണക്ഷനുകള്‍ ഓട്ടോമാറ്റിക് ആയി ശാശ്വതമായി വിച്ഛേദിക്കുമെന്ന് നാഷണല്‍ വാട്ടര്‍ കമ്പനി മുന്നറിയിപ്പ് നല്കി. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വാട്ടര്‍ മീറ്ററുകളുടെ ഉടമകളും ഗുണഭോക്താക്കളും 2025 ഒക്ടോബര്‍ ഒന്നിനു മുമ്പ് ഡിജിറ്റല്‍ ചാനലുകള്‍ വഴി മീറ്ററുകള്‍ രജിസ്റ്റര്‍ ചെയ്യണം.

വാട്ടര്‍ മീറ്ററുകള്‍ യഥാര്‍ഥ ഗുണഭോക്താക്കളായ സ്വദേശികളുടെ ദേശീയ ഐ.ഡിയുമായോ വിദേശികളുടെ ഇഖാമയുമായോ ബന്ധിപ്പിക്കാനുള്ള സംരംഭം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മധ്യത്തില്‍ നാഷണല്‍ വാട്ടര്‍ കമ്പനി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അടുത്ത മാസം ഒന്നിനു മുമ്പായി യഥാര്‍ഥ ഗുണഭോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാട്ടര്‍ മീറ്ററുകളിലേക്കുള്ള ജല കണക്ഷനുകള്‍ എന്നെന്നേക്കുമായി വിച്ഛേദിക്കുന്നത്.

ജല സേവനങ്ങളും നാഷണല്‍ വാട്ടര്‍ കമ്പനി നല്കുന്ന മറ്റ് സേവനങ്ങളും പൂര്‍ണ തോതില്‍ പ്രയോജനപ്പെടുത്താന്‍ മീറ്റര്‍ രജിസ്ട്രേഷന് അവസരമൊരുക്കുന്നു. മീറ്റര്‍ രജിസ്ട്രേഷന് യഥാര്‍ഥ ഗുണഭോക്താവിന് സേവനങ്ങള്‍ ആവശ്യപ്പെടാനും ഡിജിറ്റല്‍ ചാനലുകള്‍ വഴി സേവനങ്ങളുടെ സ്റ്റാറ്റസ് നിരീക്ഷിക്കാനും മീറ്ററുമായി ലിങ്ക് ചെയ്തിരിക്കുന്ന ബില്ലുകളും എസ്.എം.എസ്സുകളും സ്വീകരിക്കാനും അനുവദിക്കുന്നു.
ഗുണഭോക്താവിന് അക്കൗണ്ട് വിശദാംശങ്ങള്‍ സ്വയമേവ കാണാനും ഉപഭോഗം ട്രാക്ക് ചെയ്യാനും ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അറിയിപ്പുകള് സ്വീകരിക്കാനും കഴിയും. വാട്ടര്‍ മീറ്റര്‍ രജിസ്ട്രേഷന് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിന് തങ്ങളുടെ എല്ലാ ഔദ്യോഗിക ചാനലുകളും ഉപയോഗപ്പെടുത്തുന്നതായി നാഷണല്‍ വാട്ടര്‍ കമ്പനി പ്രസ്താവിച്ചു. വാട്ടര്‍ മീറ്റര്‍ രജിസ്ട്രേഷനെ കുറിച്ചുള്ള ഗൈഡും പൊതുവായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന വെബ്പേജ് ഔദ്യോഗിക വെബ്സൈറ്റില്‍ നീക്കിവെച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.